സർക്കാർ ആശുപത്രി കെട്ടിടത്തിന്റെ പ്രധാന കവാടത്തിലെ കോൺക്രീറ്റ് മേൽക്കൂര പൊളിഞ്ഞുവീണ് യുവതിക്ക് ഗുരുതര പരിക്ക്. രാജസ്ഥാനിലെ ചുരു ജില്ലയിലുള്ള സുജൻഗഡ് ഗവൺമെന്റ് ഫത്തേപ്പൂരിയ മാതാ ശിശു ആശുപത്രിയിലാണ് അപകടം നടന്നത്. മേൽക്കൂരയിലെ സിമന്റ് പ്ലാസ്റ്റർ അടർന്ന് താഴെ നിന്നവരുടെ തലയിലേക്ക് വീഴുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ സമീപത്തെ ബഗാഡിയ സബ് ഡിസ്ട്രിക്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ അവിടെ ചികിത്സയിലാണ്. അപകടസമയത്ത് കെട്ടിടത്തിന്റെ കവാടത്തിൽ ആളുകൾ കുറവായിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. മേൽക്കൂര തകർന്നു വീണതോടെ രോഗികളും ബന്ധുക്കളും ആശുപത്രി ജീവനക്കാരും ഭയന്നോടി.
വർഷങ്ങളായി ശോചനീയാവസ്ഥയിലുള്ള പഴയ ട്രോമ സെന്റർ കെട്ടിടത്തിലാണ് നിലവിൽ ഈ സ്ത്രീകളുടെ ആശുപത്രി പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ ദ്രവിച്ച അവസ്ഥയെക്കുറിച്ച് മുൻപും രോഗികളും നാട്ടുകാരും പരാതിപ്പെട്ടിരുന്നു. എന്നാൽ അധികൃതർ തക്കസമയത്ത് അറ്റകുറ്റപ്പണികൾ നടത്താൻ തയ്യാറാകാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
സർക്കാർ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയാണ് സംഭവം ഉയർത്തുന്നത്. കെട്ടിടം അടിയന്തരമായി സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യമെങ്കിൽ രോഗികളെ സുരക്ഷിതമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവത്തെത്തുടർന്ന്, കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കായി മുമ്പ് തന്നെ കത്തെഴുതിയിട്ടുണ്ടെന്നും ഉടൻ തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ആശുപത്രി ഇൻ-ചാർജ് ഡോ. ബൻസിധർ അറിയിച്ചു.
