ഉത്തർപ്രദേശിലെ ആഗ്രയിലുള്ള കമലാ നഗറിൽ കുരങ്ങനെ തെരുവ് നായ്ക്കളുടെ കൂട്ടം ക്രൂരമായി കടിച്ചുകീറി കൊന്നു. വ്യാഴാഴ്ച വൈകുന്നേരം താമസമേഖലയിലിറങ്ങിയ കുരങ്ങനെ ആറോളം തെരുവ് നായ്ക്കൾ ചേർന്ന് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴുത്തിലും കാലുകളിലും മാരകമായി കടിയേറ്റ കുരങ്ങനെ നായ്ക്കൾ തെരുവിലൂടെ വലിച്ചിഴച്ചു. ഭയം കാരണം നാട്ടുകാർ ആരും കുരങ്ങനെ രക്ഷിക്കാൻ ഇടപെട്ടില്ലെങ്കിലും, ചിലർ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
പ്രദേശത്ത് തെരുവ് നായ്ക്കളുടെ എണ്ണം വൻതോതിൽ വർദ്ധിച്ചത് ഭീതിജനകമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. കാൽനടയാത്രക്കാരെയും കുട്ടികളെയും വയോധികരെയും നായ്ക്കൾ പിന്തുടർന്ന് ആക്രമിക്കാൻ മുതിരുന്നത് ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായിട്ടുണ്ട്.
നഗരങ്ങളിൽ വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിന് അടിയന്തര പരിഹാരം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. വന്ധ്യംകരണ പദ്ധതികൾ, വാക്സിനേഷൻ ഡ്രൈവുകൾ, മാലിന്യ സംസ്കരണം എന്നിവ ഊർജ്ജിതമാക്കി നഗരസഭയും മൃഗസംരക്ഷണ സംഘടനകളും ഉടൻ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.
