ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്ത് ബിസിനസുകാരനിൽ നിന്ന് 1,70000 യുവാൻ (ഏകദേശം 21 ലക്ഷം രൂപ) തട്ടിയെടുത്ത 65കാരി ചൈനയിൽ അറസ്റ്റിലായി. ഷാങ്ഹായിലെ ആശുപത്രിയിൽ ശുചീകരണത്തൊഴിലാളിയായ യു സിയുഷെൻ എന്ന സ്ത്രീയാണ് പിടിയിലായത്.
ഡിജിറ്റൽ ഫേസ്-സ്വാപ്പിംഗ് സോഫ്റ്റ്വെയർ ഉപയോഗിച്ച് ഇതേ ആശുപത്രിയിലെ 29കാരിയായ ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. എഐ ഉപയോഗിച്ച് സൃഷ്ടിച്ച അയ്യായിരത്തിലധികം ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പതിനായിരക്കണക്കിന് ഫോളോവേഴ്സിനെയാണ് ഇവർ നേടിയെടുത്തത്.
2021ൽ ഇവരുടെ പ്രൊഫൈൽ കണ്ടുമുട്ടിയ ലിയു ഹുയി എന്ന കോൺട്രാക്ടറാണ് തട്ടിപ്പിനിരയായത്. ആശുപത്രിയിലെ വലിയ നിർമാണ കരാറുകൾ വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് ഇവർ ലിയുവുമായി പ്രണയത്തിലാവുകയായിരുന്നു. എന്നാൽ നേരിട്ട് കാണാനോ വീഡിയോ കോൾ ചെയ്യാനോ വിസമ്മതിച്ച സിയുഷെൻ, പിന്നീട് സ്വന്തം അമ്മയാണെന്ന് നടിച്ച് മറ്റൊരു വ്യാജ ഐഡന്റിറ്റിയിലൂടെ ലിയുവുമായി ബന്ധപ്പെട്ടു.
വിവാഹത്തിന് സമ്മതിക്കണമെങ്കിൽ വൻതുകയും ഫ്ലാറ്റും വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് അഞ്ച് മാസത്തിനിടെ 1,70000 യുവാൻ ലിയു കൈമാറി. എന്നാൽ വാഗ്ദാനം ചെയ്ത കരാറുകളൊന്നും ലഭിക്കാതായതോടെ ലിയു പോലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിൽ, തട്ടിയെടുത്ത പണം ഇവർ സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾക്കും വിലകൂടിയ വസ്ത്രങ്ങൾക്കുമായി ചെലവഴിച്ചതായി പോലീസ് കണ്ടെത്തി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോകളിൽ എഐ ഉള്ളടക്കമാണെന്ന ചെറിയ മുന്നറിയിപ്പ് ബോക്സ് ഉണ്ടായിരുന്നുവെങ്കിലും ലിയു അത് ശ്രദ്ധിച്ചിരുന്നില്ല. മുൻപും തട്ടിപ്പ് കേസിൽ ശിക്ഷ അനുഭവച്ചിട്ടുള്ളയാളാണ് പിടിയിലായ യു സിയുഷെൻ.
