മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മുംബൈ താരം സർഫറാസ് ഖാനെ ഉൾപ്പെടുത്തി. പരിക്കിനെ തുടർന്ന് സായ് സുദർശനെ ടീമിൽ നിന്ന് ഒഴിവാക്കിയതോടെയാണ് സർഫറാസിന് വീണ്ടും ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചത്.
സായ് സുദർശന്റെ പരിക്ക് ഭേദമാകുന്നതിൽ പുരോഗതിയുണ്ടെങ്കിലും ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കാനാകില്ലെന്ന് ബിസിസിഐ അറിയിച്ചു. ഓഗസ്റ്റ് 15ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായാണ് ടീമിൽ മാറ്റം വരുത്തിയത്.
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് സർഫറാസ് ഖാൻ അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. പരമ്പരയിൽ ആറ് ഇന്നിങ്സുകളിൽ നിന്ന് 171 റൺസാണ് താരം നേടിയത്.
ടീം പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യൻ സംഘത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്ന രണ്ടാമത്തെ താരമാണ് സായ് സുദർശൻ. നേരത്തെ പേസ് ബൗളർ ജസ്പ്രീത് ബുംറയെയും ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. ബുംറയ്ക്കും സുദർശനും ശാരീരികക്ഷമത തെളിയിക്കണമെന്ന നിബന്ധനയാണ് സെലക്ടർമാർ മുന്നോട്ടുവെച്ചിരുന്നത്.
