കൊളംബിയയിലെ ആർമേനിയ സ്വദേശിയായ 67കാരി മിറിയം അയൽപക്കങ്ങളിലെ ഗോസിപ്പുകൾ വിറ്റ് വരുമാനമുണ്ടാക്കി വ്യത്യസ്തമായി ലോകശ്രദ്ധ നേടുന്നു. പ്രദേശവാസികളുടെ വ്യക്തിജീവിതത്തിലെ രഹസ്യങ്ങൾ, പ്രണയങ്ങൾ, തർക്കങ്ങൾ എന്നിവ കൃത്യമായി നിരീക്ഷിച്ച് ആവശ്യക്കാർക്ക് പണം വാങ്ങി പങ്കുവെക്കുന്നതാണ് ഇവരുടെ രീതി.
ഈ വിചിത്ര ബിസിനസിന് കൃത്യമായ റേറ്റ് കാർഡും മിറിയത്തിനുണ്ട്. സാധാരണ ഗോസിപ്പുകൾക്ക് 2,000 മുതൽ 3,000 കൊളംബിയൻ പെസോ വരെയും (ഏകദേശം 40 മുതൽ 60 ഇന്ത്യൻ രൂപ), രഹസ്യസ്വഭാവമുള്ള വിവരങ്ങൾക്ക് ഉയർന്ന തുകയുമാണ് ഇവർ ഈടാക്കുന്നത്. ആളുകളുടെ ഫോട്ടോകളും അവരുടെ ജീവിതത്തിലെ വിവരങ്ങളും കുറിച്ചുവെക്കുന്ന ഒരു പ്രത്യേക ബോർഡും ഇവരുടെ വീട്ടിലുണ്ട്.
സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് പറഞ്ഞ് ചില നാട്ടുകാർ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും, കഥകൾ അറിയാനുള്ള ആകാംക്ഷ കാരണം ആളുകൾ വീണ്ടും തന്നിലേക്ക് തന്നെ എത്തുന്നു എന്ന് മിറിയം പറയുന്നു. ദിനംപ്രതിയുള്ള വീട്ടുചെലവുകൾക്ക് ഈ വരുമാനം ധാരാളമാണെന്നും ഇവർ കൂട്ടിച്ചേർക്കുന്നു.
