തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ അറസ്റ്റിലായ ടി.ജി. മോഹൻദാസിന് ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് തിരുവനന്തപുരം എസിജെഎം കോടതി ജാമ്യം അനുവദിച്ചത്. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി.
തെളിവ് ശേഖരണത്തിന് കസ്റ്റഡി അനിവാര്യമാണെന്നും മോഹൻദാസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ഈ വാദം ശരിയല്ലെന്ന് പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി. ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് സംഘപരിവാർ സഹയാത്രികനായ ടി.ജി. മോഹൻദാസിനെതിരെ പോലീസ് കേസെടുത്തത്.
കലാപത്തിന് ആഹ്വാനം ചെയ്യൽ , വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, സമൂഹത്തിൽ ക്രമസമാധാനം തകർക്കുന്ന രീതിയിൽ പെരുമാറൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ചുമത്തിയിരിക്കുന്ന കുറ്റങ്ങളിൽ ഭൂരിഭാഗവും മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്നവയാണ്.
