മുംബൈയിലെ തിരക്കേറിയ ലോക്കൽ ട്രെയിനിൽ കയറാൻ നടത്തിയ പരാജയപ്പെട്ട ശ്രമത്തിന്റെ വീഡിയോ പങ്കുവെച്ച് ദക്ഷിണ കൊറിയൻ സഞ്ചാരിയായ സെജിൻ. താനെ റെയിൽവേ സ്റ്റേഷനിൽ വെച്ചുണ്ടായ അനുഭവമാണ് ഇദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. രണ്ടുതവണ ശ്രമിച്ചിട്ടും തെരക്ക് കാരണം ട്രെയിനിൽ കയറാൻ കഴിയാതിരുന്നതിനെ തുടർന്ന് ഇയാൾ ടാക്സിയെ ആശ്രയിക്കുകയായിരുന്നു.
ഇന്ത്യയിൽ പര്യടനം നടത്തുന്ന സെജിൻ, താനെ സ്റ്റേഷനിൽ നിന്ന് 170 രൂപയുടെ റിട്ടേൺ ടിക്കറ്റ് എടുത്ത ശേഷമാണ് പ്ലാറ്റ്ഫോമിലെത്തിയത്. എന്നാൽ ട്രെയിൻ വന്നതോടെ യാത്രക്കാരുടെ വൻ തെരക്കാണ് അനുഭവപ്പെട്ടത്. ആദ്യ ശ്രമത്തിൽ തന്നെ തെരക്ക് കണ്ട് പരിഭ്രാന്തനായ സെജിൻ പിന്മാറുകയായിരുന്നു.
തുടർന്ന് വന്ന അടുത്ത ട്രെയിനിൽ കയറാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. ഇതോടെ നിരാശനായ ഇയാൾ യാത്ര ഉപേക്ഷിക്കുകയായിരുന്നു. “മുംബൈ ലോക്കൽ ട്രെയിനിലെ അനുഭവം ഇവിടുത്തെ സാധാരണക്കാരോട് വലിയ ബഹുമാനം ഉണ്ടാക്കി” എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് സെജിൻ കുറിപ്പിൽ എഴുതിയത്.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവന്നത്. സെജിൻ വളരെ പെട്ടെന്ന് ശ്രമം ഉപേക്ഷിച്ചുവെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, തുടക്കക്കാർ തിരക്കില്ലാത്ത സമയങ്ങളിൽ മാത്രം ലോക്കൽ ട്രെയിൻ യാത്ര തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന് മറ്റുചിലർ കുറിച്ചു. സഹയാത്രികരുടെ സഹായം തേടിയിരുന്നെങ്കിൽ എളുപ്പത്തിൽ കയറാമായിരുന്നു എന്നും ചിലർ കമന്റ് ചെയ്തു.
