കൊച്ചി : സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് കൂത്താട്ടുകുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ദേശീയ പതാകയോട് അനാദരവ് കാണിച്ചെന്ന് പരാതി. എംസി റോഡരികില്‍ പ്രവര്‍ത്തിക്കുന്ന സബ് രജിസ്ട്രാര്‍ ഓഫീസ് വളപ്പില്‍ കൃത്യമായ കൊടിമരം ഉണ്ടായിരുന്നിട്ടും അവിടെ പതാക ഉയര്‍ത്താന്‍ അധികൃതര്‍ തയാറായില്ലെന്നാണ് പരാതി.
ഓഫീസ് കെട്ടിടത്തിന്റെ മുന്‍വശത്തെ ഗ്രില്ലില്‍ പിവിസി പൈപ്പില്‍ കെട്ടിവെച്ച നിലയിലാണ് പതാക കാണപ്പെട്ടത്. ഫ്ലാഗ് കോഡ് ചട്ടങ്ങള്‍ പൂര്‍ണമായും ലംഘിച്ചു കൊണ്ടുള്ള ഈ നടപടി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഹിന്ദു ഐക്യവേദി മൂവാറ്റുപുഴ താലൂക്ക് പ്രസിഡന്റ് പി.സി. അജയഘോഷ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതി ലഭിച്ചയുടന്‍ പോലീസ് സംഘം സ്ഥലത്തെത്തി മഹസര്‍ തയാറാക്കി പതാക സീസ് ചെയ്തു. ഫ്ലാഗ് കോഡ് ലംഘനവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും നിയമപരമായ തുടര്‍ നടപടികള്‍ സ്വീകരിച്ചെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദീകരണവുമായി സബ് രജിസ്ട്രാര്‍ ഓഫീസ് അധികൃതര്‍ രംഗത്തെത്തി.
കാലപ്പഴക്കം ചെന്ന കൊടിമരത്തില്‍ കയറാനോ കയര്‍ സ്ഥാപിക്കാനോ ആളില്ലാത്തതിനാലാണ് ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടി വന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. വനിതാ ജീവനക്കാര്‍ മാത്രം ജോലി ചെയ്യുന്ന ഓഫീസില്‍ പതാക ഉയര്‍ത്താന്‍ മറ്റ് സുരക്ഷിതമായ മാര്‍ഗങ്ങളില്ലായിരുന്നു. സബ് രജിസ്ട്രാറുടെ നിര്‍ദേശപ്രകാരം രാവിലെ ഒമ്പതിന് ഓഫീസ് ജീവനക്കാരിയാണ് ഗ്രില്ലില്‍ പതാക സ്ഥാപിച്ചത്.
മുന്‍ വര്‍ഷങ്ങളിലും ഇതേ രീതിയിലാണ് സ്വാതന്ത്ര്യദിനം ആചരിച്ചിരുന്നത്. ദേശീയ പതാകയോട് യാതൊരുവിധ അനാദരവും കാണിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
