ടോക്സിക് ചിത്രത്തിന്റെ ട്രെയിലർ റിലീസായതിനു പിന്നാലെ യാഷിനെതിരെ രൂക്ഷ വിമർശനവുമായി കന്നഡ നടി ഋഷിക സിംഗ്. ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി അഞ്ചു സ്ത്രീകളുണ്ടായിട്ടും ഇത്ര ബഹുമാനമില്ലാതെയാണോ സ്ത്രീകളെ ചിത്രീകരിക്കേണ്ടതെന്ന് ഋതിക ചോദിച്ചു. സ്ത്രീകളെ ബഹുമാനിക്കാൻ കഴിയില്ലെങ്കിൽ യാഷിനെ കർണാടകയിൽ നിന്നു പുറത്താക്കുമെന്ന നടിയുടെ പരാമർശം യാഷിന്റെ ആരാധകരെ ചൊടിപ്പിച്ചു. സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഋഷിക ടോക്സിക് ട്രെയിലറിനെതിരെ വിമർശനമുന്നയിച്ചത്.
‘ട്രെയിലറിലെ പ്രണയരംഗങ്ങളും ഇന്റിമേറ്റ് രംഗങ്ങളും നിരാശപ്പെടുത്തി. വീട്ടിൽ ഭാര്യയും മക്കളുമുള്ള യാഷിൽ നിന്നും ഇത്തരം ഒരു സിനിമ പ്രതീക്ഷിച്ചില്ല. യാഷിൽ നിന്നും സ്ത്രീകളോട് വലിയ ബഹുമാനമാണ് പ്രതീക്ഷിച്ചത്.ട്രെയിലറിലെ രംഗങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. വളരെ കരുത്തനായ കഥാപാത്രമായി യാഷ് എത്തുമ്പോൾ എന്തുകൊണ്ടാണ് അഞ്ചിലേറെ സ്ത്രീ കഥാപാത്രങ്ങളുള്ള സിനിമയിൽ സ്ത്രീകളെ ഇത്തരത്തിൽ ചിത്രീകരിച്ചത്?.’ ഋഷിക പറഞ്ഞു. കർണാടകയിൽ ജനിച്ചു വളർന്നയാളാണ് താനെന്നും താനും നടിയാണെന്നും എന്നിട്ടും എനിക്ക് ഈ ട്രെയിലറിനെതിരെ സംസാരിക്കാതിരിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ സംവിധായിക കർണാടക സ്വദേശിയല്ലാത്തതിനാല് അവർക്ക് കർണാടകയുടെ സംസ്കാരം അറിയില്ല, പക്ഷേ യാഷിന് അത് അറിയില്ലേ എന്നും അവർ ചോദിച്ചു.സ്ത്രീകള ബഹുമാനിക്കാൻ സാധിക്കാത്തവർ കർണാടക വിട്ടുപോകുന്നതാണ് നല്ലതെന്നും ഋഷിക പറഞ്ഞു. വീഡിയോയുടെ അവസാനം ‘ഐആം ടോക്സിക്’ എന്ന് ആവർത്തിച്ചു പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്. ഋഷികയുടെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ യാഷിന്റെ ആരാധകർ നടിക്കെതിരെ തിരിഞ്ഞു.
സിനിമയുടെ കാസ്റ്റ് മുഴുവൻ യാഷിനെ പ്രശംസിച്ച് സംസാരിച്ചപ്പോൾ ഋഷികയ്ക്ക് മാത്രമെന്താണ് യാഷിനോട് പ്രശ്നമെന്നും ആരാധകർ ചോദിക്കുന്നു. ഋഷികയുടെ പഴയ സിനിമാരംഗങ്ങളും ഫോട്ടോകളും കാണിച്ച് എന്തിനാണ് ഇരട്ടതാപ്പെന്നും ആരാധകർ ചോദിച്ചു. കന്നഡയിലെ പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ രാജേന്ദ്ര സിംഗ് ബാബുവിന്റെ മകളാണ് നടികൂടിയായ ഋഷികാ സിംഗ്.
