ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കരുവാറ്റ സ്വദേശിയായ ശിവൻകുട്ടി (65) കൊല്ലപ്പെട്ട സംഭവത്തിൽ ബന്ധുവായ 13 കാരി ഉൾപ്പടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ എല്ലാവരും കൊല്ലം സ്വദേശികളാണെന്നും ഇവർ പ്രായപൂർത്തിയാകാത്തവരാണെന്നും പോലീസ് പറഞ്ഞു.
കരുവാറ്റ മാടപ്പുറയ്ക്കൽ പടീറ്റതിൽ ശിവൻകുട്ടി ഞായറാഴ്ച രാത്രിയിലാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ വീഡിയോ കോളിലൂടെ 13കാരിയെ കാണിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കി. ശിവൻകുട്ടിയും ഭാര്യയും മകളും ചെറുമകളുമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.
മകളെ പ്രസവത്തിനായി വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ഭാര്യയും അവർക്കൊപ്പം പോയിരുന്നു. ഞായറാഴ്ച രാത്രിയിൽ വീട്ടിലെത്തിയ പ്രതികൾ ശൗചാലയത്തിന്റെ വെന്റിലേഷൻ വഴിയാണ് അകത്ത് കടന്നത്. ശിവൻകുട്ടിയുടെ കൈകാലുകൾ കെട്ടിയശേഷം കൊലപ്പെടുത്തുകയായിരുന്നു.
ഈ സമയം കൊലപാതകത്തിന് നിർദേശം നൽകിയ ബന്ധുവായ 13കാരി വീഡിയോ കോളിലൂടെ ദൃശ്യങ്ങൾ കാണുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും ഇവർ കവർന്നു. 13കാരിക്ക് ഐഫോണും ബൈക്കും വാങ്ങാനാണ് കൊലനടത്തിയതെന്ന് പ്രതികൾ പോലീസിൽ മൊഴി നൽകി.
തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി വീടിനുള്ളിൽ മുളകുപൊടി വിതറിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
