തിരുവനന്തപുരം: കൊച്ചി മെട്രോയുടെ പേര് മാറ്റുന്നതിനെക്കുറിച്ച് സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ ആലോചനകളും നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾ മാത്രമാണ് താൻ അറിഞ്ഞതെന്നും, കെ.എം.ആർ.എൽ പുറത്തിറക്കിയത് ഏകപക്ഷീയമായ പ്രസ്താവനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കൊച്ചി മെട്രോയുടെ പേര് ‘കേരള മെട്രോ’ എന്നാക്കി മാറ്റാൻ ലോക്നാഥ് ബെഹ്റ നൽകിയ ശിപാർശയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കൊച്ചിയിലെ ജനപ്രതിനിധികളെപ്പോലും അറിയിക്കാതെയാണ് ഈ നീക്കം നടത്തിയത് എന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.
പേര് മാറ്റാൻ പാടില്ലെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പിയും മുൻ എം.പിയായ കെ.വി. തോമസും മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കൊച്ചി എന്നത് ഒരു നഗരത്തിന്റെ പേര് മാത്രമല്ലാെന്നും കേരളത്തിന്റെ ചരിത്രത്തോടും സംസ്കാരത്തോടും ഇഴുകിച്ചേർന്ന പേരാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. ഒട്ടനവധി ജനങ്ങളും സമാനമായ അഭിപ്രായവുമായി സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിട്ടുണ്ട്.
