വാടക കുറഞ്ഞ വീടുകൾക്കായി ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് പകരം, ശമ്പളത്തിന്റെ പകുതിയിലധികം തുക വീട്ടുവാടകയായി നൽകി ജോലിസ്ഥലത്തിന് തൊട്ടടുത്ത് താമസിക്കാൻ തീരുമാനിച്ച യുവതിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഗുരുഗ്രാം സ്വദേശിയായ യുവതിയാണ് ഇൻസ്റ്റാഗ്രാമിലൂടെ തന്റെ വ്യത്യസ്തമായ തീരുമാനം പങ്കുവെച്ചത്.
താൻ ജോലി ചെയ്യുന്ന സ്കൂളിൽ നിന്ന് വെറും നാല് മിനിറ്റ് നടക്കാവുന്ന ദൂരത്തിലാണ് ശക്തി താമസിക്കുന്നത്. ദൂരെ വാടക കുറഞ്ഞ വീടുകൾ ലഭ്യമായിരുന്നിട്ടും ഈ വീട് തിരഞ്ഞെടുത്തതിലൂടെ തന്റെ മാനസികസമാധാനവും സമയവും ഊർജ്ജവും സംരക്ഷിക്കാൻ കഴിഞ്ഞതായി യുവതി വ്യക്തമാക്കുന്നു.
വീട്ടിലെ ദൈനംദിന ജോലികളും പാചകവും ജോലി ചെയ്യുന്നതുമൊക്കെ ഉൾപ്പെടുത്തിയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ശക്തി തനിക്ക് ഈ തീരുമാനം നൽകിയ ആനുകൂല്യങ്ങൾ വിശദീകരിച്ചത്.
ജോലിസ്ഥലത്തിന് തൊട്ടടുത്തായതിനാൽ ഉച്ചഭക്ഷണ സമയത്ത് വീട്ടിലെത്തി ചൂടുള്ള ഭക്ഷണം കഴിക്കാനും ബാക്കി ജോലികൾ തീർക്കാനും സാധിക്കുന്നു. രാവിലെയുള്ള തിരക്കുകളും ഗതാഗതക്കുരുക്കിൽപ്പെടുമെന്ന പേടിയും ഇല്ലാതെ സ്വസ്ഥമായി ജോലിക്ക് ഇറങ്ങാം.
ദിവസേനയുള്ള യാത്രാച്ചെലവും യാത്രാക്ഷീണവും പൂർണമായും ഒഴിവാക്കാനായി. “സാമ്പത്തിക ശാസ്ത്രപരമായി ചിന്തിക്കുമ്പോൾ ശമ്പളത്തിന്റെ 50 ശതമാനത്തിലധികം വാടക നൽകുന്നത് തെറ്റായ തീരുമാനമായി തോന്നാം. എന്നാൽ സമ്പാദ്യത്തേക്കാൾ സൗകര്യത്തിനും സമാധാനത്തിനുമാണ് ഞാൻ മുൻഗണന നൽകുന്നത്. നിക്ഷേപങ്ങൾക്ക് പകരം എന്റെ മാനസികാരോഗ്യവും സമയവും സംരക്ഷിക്കാനാണ് ഞാൻ ഈ പണം ഉപയോഗിക്കുന്നത്,” – ശക്തി വീഡിയോയിൽ കുറിച്ചു.
ശക്തിയുടെ വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള സംവാദങ്ങൾക്കാണ് സോഷ്യൽ മീഡിയ വേദിയായത്.
