ഡൽഹി പോലീസിനെയും അവരുടെ ഫിറ്റ്നസിനെയും മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് പരസ്യമായി പരിഹസിച്ച സമരക്കാരിയായ യുവതിയെ ലൈവ് അഭിമുഖത്തിനിടെ പോലീസ് പിടിച്ച് മാറ്റിയ സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഡൽഹി ജന്തർ മന്ദിറിൽ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം.
പ്രതിഷേധക്കാരെ മാറ്റാനായി കൊണ്ടുവന്ന പോലീസിന്റെ ബസിന്റെ താക്കോലുമായി ഓടി രക്ഷപ്പെട്ടതോടെയാണ് ഈ യുവതി വാർത്തകളിൽ ഇടംനേടിയത്. തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു പോലീസിനെതിരെ യുവതി പരിഹാസങ്ങൾ ഉന്നയിച്ചത്.
“എന്നെ കസ്റ്റഡിയിലെടുക്കാൻ അവർക്ക് കഴിയില്ല, കാരണം ഞാൻ അവരേക്കാൾ വേഗത്തിൽ ഓടും. പോലീസുകാർക്ക് ഓടാൻ കഴിയില്ല, അവർ തീർത്തും ‘അൺഫിറ്റ്’ ആണ്. വയറും ചാടി വരുന്ന പോലീസുകാർക്ക് 50 മിനിറ്റ് ഓടുമ്പോഴേക്കും കിതപ്പ് വരും. അവരാണോ എന്നെ പിടിക്കാൻ വരുന്നത്?” എന്നിങ്ങനെയാണ് പോലീസിനെക്കുറിച്ച് മാധ്യമപ്രവർത്തകരോട് യുവതി പറഞ്ഞത്.
എന്നാൽ ഈ വാക്കുകൾ പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ പോലീസുകാർ വന്ന് യുവതിയെ പിടിച്ചുവെക്കുകയും വലിച്ചിഴച്ച് കസ്റ്റഡിയിലേക്ക് മാറ്റുകയുമായിരുന്നു. “നിങ്ങൾ ആരാണ്? ഞാൻ മാധ്യമങ്ങളോട് സംസാരിക്കുകയാണ്” എന്ന് യുവതി വിളിച്ചുപറയുന്നുണ്ടായിരുന്നു.
പ്രതിഷേധക്കാരെ മാറ്റാൻ കൊണ്ടുവന്ന ബസിന്റെ താക്കോലുമായി യുവതി ഓടുകയും, ആളുകൾ താക്കോൽ തിരികെ വാങ്ങാൻ പിന്നാലെ ഓടുകയും ചെയ്യുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. ഫിലിം മേക്കർ അശ്വിനി ചൗധരിയുടെ മകളാണ് ഈ യുവതി. മകളുടെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
