ഓണാഘോഷം എന്നു കേൾക്കുമ്പോൾ വർണാഭമായ പൂക്കളവും ആഘോഷങ്ങളും ഒപ്പം വായിൽ വെള്ളമൂറിക്കുന്ന വിഭവങ്ങളടങ്ങിയ ഗംഭീര സദ്യയുമാണ് മലയാളികളുടെ മനസിലെത്തുന്നത്. എന്നാൽ നാഗാലാൻഡ് മന്ത്രി ടെംജൻ ഇംന അലംഗ് ഇത്തവണ ഓണം ആഘോഷിച്ചത് അൽപ്പം വ്യത്യസ്തമായ രീതിയിലാണ്.
പരമ്പരാഗത രീതിയിൽ വാഴയിലയിൽ വിളമ്പിയ ഓണസദ്യയ്ക്ക് മുന്നിൽ ഇരിക്കുന്ന ചിത്രങ്ങൾ മന്ത്രി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെയാണ് സംഭവം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ചോറ്, സാമ്പാർ, അവിയൽ, തോരൻ, ഓലൻ, പച്ചടി, അച്ചാർ, പപ്പടം തുടങ്ങി നിരവധി വിഭവങ്ങളാൽ സമൃദ്ധമായ സദ്യയാണ് ചിത്രങ്ങളിൽ കാണുന്നത്.
എന്നാൽ സദ്യയിലെ തന്റെ ‘സംഭാവന’യെക്കുറിച്ചുള്ള മന്ത്രിയുടെ ക്യാപ്ഷനാണ് പോസ്റ്റിനെ വൈറലാക്കിയത്.
‘Onam ka prasad samajh ke maine sirf kela khaya. Baaki toh bas photo ke liye haath lagaya tha’ എന്നാണ് ടെംജൻ തമാശയായി കുറിച്ചത്. അതായത്, “ഓണത്തിന്റെ പ്രസാദമാണെന്ന് കരുതി ഞാൻ വാഴപ്പഴം മാത്രമാണ് കഴിച്ചത്. ബാക്കിയുള്ളതെല്ലാം ഫോട്ടോയ്ക്ക് വേണ്ടി മാത്രമാണ് തൊട്ടത്” എന്നായിരുന്നു മന്ത്രിയുടെ രസകരമായ വാക്കുകൾ.
“പ്രൊഫഷണൽ മേൽനോട്ടത്തിലാണ് ഈ സ്റ്റണ്ട് നടത്തിയത്. വീട്ടിൽ പരീക്ഷിക്കരുത്” എന്ന മുന്നറിയിപ്പും ഇതിന് പിന്നാലെ അദ്ദേഹം നൽകി.
