അത്യാധുനിക ഡിസൈനിലുള്ള ടെസ്ല സൈബർട്രക്കിന് പക്കാ നാടൻ ഇന്ത്യൻ ലോറിയുടെ രൂപം നൽകി യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിനൈൽ റാപ്പിംഗ് കമ്പനി. ‘ഒറിജിനൽ ഗ്ലോബൽ ഗ്രാഫിക്സ്’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഈ മേക്ക് ഓവർ വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിലാണ് പ്രചരിക്കുന്നത്.
സൈബർട്രക്കിന്റെ ഉടമയായ ഉപഭോക്താവ് വർക്ക്ഷോപ്പിലെത്തി വാഹനം കാണുന്ന രംഗത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. സാധാരണ കാണാറുള്ള സ്റ്റീൽ ഫിനിഷിന് പകരം, വർണ്ണാഭമായ നാടൻ ലോറി ആർട്ടിന്റെ മോഡലിലാണ് വണ്ടി ഡിസൈൻ ചെയ്തിരിക്കുന്നത്. വാഹനത്തിന്റെ മുൻവശത്ത് “ദേഖോ, മഗർ പ്യാർ സേ” (നോക്കിക്കോളൂ, പക്ഷെ സ്നേഹത്തോടെ മാത്രം) എന്ന് ഹിന്ദിയിൽ വലുതായി എഴുതിയിട്ടുണ്ട്. വശങ്ങളിൽ പരമ്പരാഗത ഇന്ത്യൻ ലോറികളിൽ കാണുന്ന തരം വർണാഭമായ ചിത്രങ്ങളും ഡിസൈനുകളും നൽകിയിരിക്കുന്നു.
ഭാവികാല വാഹനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സൈബർട്രക്കും പരമ്പരാഗത ഇന്ത്യൻ ലോറി ആർട്ടും തമ്മിലുള്ള ഈ വേറിട്ട കോമ്പോ നെറ്റിസൺസ് ഏറ്റെടുത്തു കഴിഞ്ഞു. ഇന്ത്യൻ ലോറികളുടെ ഐക്കണിക് വാചകമായ “ഹോൺ ഒകെ പ്ലീസ്” കൂടി ചേർത്തിരുന്നെങ്കിൽ ഡിസൈൻ പൂർണമാകുമായിരുന്നുവെന്നാണ് ചിലർ കമന്റ് ചെയ്തത്. ഇത്രയും കാലം ബോറടിയായി തോന്നിയ സൈബർട്രക്കിന് ഈ മേക്കോവറിലൂടെ പുതിയ ഭംഗി ലഭിച്ചെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.
