മഴ പെയ്താൽ വെള്ളക്കെട്ടും വലിയ കുഴികളും നിറയുന്ന റോഡ് നന്നാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ബാരബങ്കിയിൽ നിന്നുള്ള കൊച്ചുമകൾ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ജില്ലാ മജിസ്ട്രേറ്റിനോട് നേരിട്ട് അപേക്ഷിക്കുന്ന കൊച്ചുകുഞ്ഞിന്റെ അപേക്ഷ വൈറലായതോടെ പ്രദേശത്ത് റോഡ് നിർമാണം ആരംഭിക്കാൻ ഉത്തരവിട്ട് അധികൃതർ.
ബാരബങ്കിയിലെ കോട്വാലി നഗർ ഏരിയയിലുള്ള ക്രിസ്റ്റൽ ഗാർഡന് സമീപത്തെ തകർന്ന റോഡിൽ നിന്നാണ് പെൺകുട്ടി വീഡിയോ ചിത്രീകരിച്ചത്. “ഡിഎം അങ്കിൾ, ദയവായി ഞങ്ങളുടെ വീടിനു മുന്നിലെ റോഡ് നിർമിച്ച് തരൂ, ഇവിടെ വലിയ കുഴികളാണ്, മഴ പെയ്താൽ വെള്ളം നിറയുന്നു” എന്ന് റോഡിലെ കുഴികൾ ചൂണ്ടിക്കാട്ടി പെൺകുട്ടി അപേക്ഷിക്കുകയായിരുന്നു.
വീഡിയോ ശ്രദ്ധയിൽപ്പെട്ട ബാരബങ്കി ജില്ലാ മജിസ്ട്രേറ്റ് ഇഷാങ്ക് പ്രതാപ് സിംഗ് സംഭവത്തിൽ ഉടനടി ഇടപെട്ടു. റോഡ് നിർമാണം എത്രയും വേഗം പൂർത്തിയാക്കാൻ അദ്ദേഹം മുനിസിപ്പാലിറ്റിക്ക് നിർദ്ദേശം നൽകി. നിർമാണം അതിവേഗത്തിലാക്കാൻ ബന്ധപ്പെട്ട ഏജൻസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റോഡ് പണി ഉടൻ പൂർത്തിയാകുമെന്നും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഗുൻജിത അഗർവാളും സ്ഥിരീകരിച്ചു.
