ന്യൂഡൽഹി: നേപ്പാളിൽ മിന്നൽ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ, അയൽരാജ്യവുമായി അതിർത്തി പങ്കിടുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ അതീവ ജാഗ്രതാ നിർദ്ദേശത്തിൽ.
ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പ്രധാന നദികളിലെ ജലനിരപ്പ് അധികൃതർ നിരീക്ഷിച്ചു വരികയാണ്. വെള്ളപ്പൊക്ക ഭീഷണി ഉണ്ടായാൽ ഉടൻ നേരിടാനുള്ള പ്രതിരോധ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
ദുരന്തസാധ്യത മുൻനിർത്തി ഈ സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ ഇരുപത് സംഘങ്ങളെ വിന്യസിപ്പിച്ചിട്ടുണ്ട്. നേപ്പാളിൽ കാളികന്ധകി, നാരായണി എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി ഇന്ത്യയിലേക്ക് പ്രവേശിക്കുമ്പോൾ ഗന്ധക് എന്നറിയപ്പെടുന്നു. ഉത്തർപ്രദേശിലൂടെ ഒഴുകിയെത്തി ബീഹാറിലാണ് ഈ നദി ഗംഗയിൽ ചേരുന്നത്.
നേപ്പാളിലെ സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് വാൽനഗറിലെ ഗന്ധക് അണക്കെട്ടിന്റെ മുപ്പത്തിയാറ് ഷട്ടറുകളും ഇതിനോടകം തുറന്നുവിട്ടിട്ടുണ്ട്.
