ഛത്തീസ്ഗഡിലെ കനത്ത വനമേഖലയോട് ചേർന്നുള്ള റെയിൽവേ തുരങ്കത്തിലൂടെ പുള്ളിപ്പുലി കുട്ടി ശാന്തമായി നടന്നുപോകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വനവും കുന്നുകളും നിറഞ്ഞ പ്രദേശത്തെ ടണലിലൂടെ തികച്ചും ശാന്തനായി പാളത്തിന് നടുവിലൂടെ നടന്നുനീങ്ങുന്ന പുലിക്കുട്ടിയാണ് ദൃശ്യങ്ങളിലുള്ളത്.
ഖോങ്സാര – ഭൻവാർടങ്ക് റെയിൽവേ പാതയിലാണ് സംഭവം നടന്നത്. വനമേഖലയിലൂടെ കടന്നുപോകുന്ന ഈ പാതയിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
വീഡിയോ വൈറലായതിന് പിന്നാലെ വനംവകുപ്പ് പ്രദേശത്ത് നിരീക്ഷണവും പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. പുലിക്കുട്ടി ഇപ്പോഴും റെയിൽവേ ട്രാക്കിന് സമീപത്തുണ്ടോ അതോ കാട്ടിലേക്ക് മടങ്ങിയോ എന്ന് പരിശോധിച്ചു വരികയാണ്.
വന്യമൃഗ സാന്നിധ്യം വർധിച്ച സാഹചര്യത്തിൽ, മേഖലയിൽ ജോലി ചെയ്യുന്ന റെയിൽവേ ജീവനക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഉയർന്നതിനെ തുടർന്ന് ശക്തമായ സുരക്ഷാ മാനദണ്ഡങ്ങളും മുൻകരുതലുകളും ഏർപ്പെടുത്തണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
