അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനിൽ ചലിക്കുന്ന തീവണ്ടിയിൽ കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിലെ വിടവിലേക്ക് വീഴാൻ പോയ യാത്രക്കാരന് റെയിൽവേ ജീവനക്കാരൻ രക്ഷകനായി. റെയിൽവേ ജീവനക്കാരന്റെ സമയബന്ധിതമായ ഇടപെടൽ കാരണം മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നിലവിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ജബൽപൂർ-വേരാവൽ എക്സ്പ്രസ് എടുത്തു തുടങ്ങിയപ്പോഴാണ് യാത്രക്കാരൻ ഓടിയെത്തി ട്രെയിനിൽ കയറാൻ ശ്രമിച്ചത്. ആദ്യത്തെ ഡോർ കൈവിട്ടുപോയെങ്കിലും അടുത്ത ഡോറിലെ ഹാൻഡ്ലിൽ പിടിച്ച് കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി ട്രെയിനിനൊപ്പം യാത്രക്കാരൻ നീങ്ങുകയായിരുന്നു.
ട്രാക്കിലേക്കും പ്ലാറ്റ്ഫോമിനും ഇടയിലുള്ള വിടവിലേക്ക് വീഴാൻ തുടങ്ങിയ യാത്രക്കാരനെ സമീപത്തുണ്ടായിരുന്ന റെയിൽവേ ടെക്നീഷ്യൻ ഉടൻ തന്നെ പിടിച്ച് മാറ്റുകയായിരുന്നു. റെയിൽവേ ജീവനക്കാരന്റെ കൂടെ പരിസരത്തുണ്ടായിരുന്ന മറ്റ് ആളുകളും ചേർന്നാണ് യാത്രക്കാരനെ സുരക്ഷിതമായി പ്ലാറ്റ്ഫോമിലേക്ക് വലിച്ചുകയറ്റിയത്.
ഏതാനും സെക്കൻഡുകൾക്കുള്ളിൽ നിയന്ത്രണം വിട്ട് അപകടത്തിലേക്ക് പോകുമായിരുന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സ്റ്റേഷനിലെ സിസിടിവി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.ഓടുന്ന ട്രെയിനുകളിൽ കയറാൻ ശ്രമിക്കുന്നത് എത്രത്തോളം അപകടകരമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. ജീവനക്കാരന്റെ സമയോചിതമായ ഇടപെടലാണ് ഒരു വൻ ദുരന്തം ഒഴിവാക്കിയത്.
