വയനാട് സുൽത്താൻ ബത്തേരി – ഗുണ്ടൽപേട്ട് ദേശീയപാതയിൽ കാട്ടാന കൂട്ടത്തിന് മുന്നിൽപ്പെട്ട് വൈദികനും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു. തൃക്കൈപ്പറ്റ സെന്റ് തോമസ് യാക്കോബായ പള്ളി വികാരിയായ ഫാദർ റെജി പോളും കുടുംബവുമാണ് വലിയൊരു അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ നിലവിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഗുണ്ടൽപേട്ടിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തിന്റെ വാഹനത്തിന് മുന്നിലേക്കാണ് റോഡിന് താഴെ നിന്ന് മൂന്ന് കാട്ടാനകൾ പെട്ടെന്ന് കയറി വന്നത്. ആനകൾ റോഡ് മുറിച്ചുകടക്കാൻ തുടങ്ങിയതോടെ മറ്റ് യാത്രക്കാർക്കൊപ്പം ഇവരും വാഹനം നിർത്തിയിടുകയായിരുന്നു.
ആനകൾ കാട്ടിലേക്ക് കയറിയെന്ന് കരുതി വാഹനങ്ങൾ മുന്നോട്ട് എടുത്തതും, കൂട്ടത്തിലുണ്ടായിരുന്ന ഒരു കാട്ടാന അപ്രതീക്ഷിതമായി തിരികെ റോഡിലേക്ക് വന്ന് തൊട്ടുമുന്നിലുണ്ടായിരുന്ന എർട്ടിഗ കാറിന് നേരെ പാഞ്ഞടുക്കുകയുമായിരുന്നു.
എർട്ടിഗ കാറിന് തൊട്ടുപിന്നിലായിരുന്നു വൈദികന്റെ വാഹനം. പിറകിൽ മറ്റ് വാഹനങ്ങൾ ഉണ്ടായിരുന്നതിനാൽ കാർ പെട്ടെന്ന് പിറകോട്ട് എടുക്കാനും സാധിച്ചില്ല. ആന തൊട്ടടുത്തേക്ക് എത്തിയെങ്കിലും പരിക്കുകളൊന്നുമില്ലാതെ ഇവർക്ക് രക്ഷപ്പെടാനായി.
ദൃശ്യങ്ങൾ പ്രചരിച്ചതോടെ കുടുംബത്തിന്റെ സുരക്ഷയിൽ പലരും ആശങ്ക പ്രകടിപ്പിച്ചെങ്കിലും, ആന നിൽക്കുമ്പോൾ വാഹനം മുന്നോട്ട് എടുത്തതിന് ചിലർ ഇവർക്കെതിരെ വിമർശനവും ഉയർത്തുന്നുണ്ട്.
