അമേരിക്കയിൽ ഇന്ത്യക്കാർ സ്വദേശികളുടെ തൊഴിലവസരങ്ങൾ തട്ടിയെടുക്കുകയാണെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി യുവാവ് രംഗത്ത്.യുഎസിലെ സിയാറ്റിലിൽ താമസിക്കുന്ന 23കാരനായ ഡിജിറ്റൽ ക്രിയേറ്റർ യുവാന് ഇബാനസ് ഗർവാരെ. ‘ഇന്ത്യക്കാർ അമേരിക്കക്കാരുടെ ജോലി തട്ടിയെടുക്കുന്നു’ എന്ന സ്ഥിരം വാദത്തിനെതിരെ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരിക്കുകയാണ്.
ഒരു ബന്ധവുമില്ലാത്ത, മാതൃഭാഷ പോലും സംസാരിക്കാത്ത ഒരു രാജ്യത്ത് വിസയിലെത്തി ചുരുങ്ങിയ മാസങ്ങൾ കൊണ്ട് ഒരാൾ നിങ്ങളുടെ ജോലി നേടുന്നുവെങ്കിൽ, ആ ജോലിയ്ക്ക് നിങ്ങൾ അർഹനല്ലെന്നാണ് വീഡിയോയിലൂടെ യുവാന് വ്യക്തമാക്കുന്നത്.
ഡോക്ടർമാർ, സോഫ്റ്റ്വെയർ എൻജിനീയർമാർ, ഡാറ്റാ അനലിസ്റ്റുകൾ തുടങ്ങിയ ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ ഐഐടി പോലുള്ള ഉന്നത സ്ഥാപനങ്ങളിൽ വർഷങ്ങളോളം കഠിനാധ്വാനം ചെയ്താണ് ഈ നിലയിലെത്തിയതെന്ന് യുവാന് ചൂണ്ടിക്കാട്ടുന്നു.
പുലർച്ചെ 5 മണിക്ക് ഊബർ ഓടിക്കുന്നതും അർധരാത്രിയിൽ ഗ്യാസ് സ്റ്റേഷൻ മാനേജ് ചെയ്യുന്നതും പോലെ മറ്റാരും ചെയ്യാൻ മടിക്കുന്ന ജോലികൾ കഠിനാധ്വാനം ചെയ്യാൻ മടിയില്ലാത്തതുകൊണ്ടാണ് ഇന്ത്യക്കാർ ഏറ്റെടുക്കുന്നത്.
ഇന്ത്യക്കാരെ മടിയന്മാർ എന്ന് വിളിക്കുന്നത് തെറ്റാണെന്നും, ലോകത്തിലെ ഏറ്റവും വേഗത്തിൽ കാര്യങ്ങളോട് ഇണങ്ങിച്ചേരുന്ന ആളുകളിൽ ഒന്നാണ് ഇന്ത്യക്കാരെന്നും യുവാന് കൂട്ടിച്ചേർത്തു.
“നിങ്ങളുടെ ജോലി ആരും കവർന്നതല്ല, നിങ്ങളെക്കാൾ കൂടുതൽ അധ്വാനിക്കുന്ന ഒരാൾക്ക് അത് ലഭിച്ചു” എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വീഡിയോയ്ക്ക് മികച്ച പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
