കാഠ്മണ്ഡു: പ്രകൃതിയുടെ സർവസംഹാര താണ്ഡവത്തിനു മുന്നിൽ വീടുകളും വാഹനങ്ങളും പാലങ്ങളും തകർന്നടിഞ്ഞപ്പോൾ നേപ്പാളിലെ ത്രിശൂലി നദീതീരത്ത് ഒരു വീട് മാത്രം ഉറച്ചുനിന്നു. നുവാകോട്ട് ജില്ലയിലെ ഡുങ്കെ ബസാറിലെ പ്രകാശ് എന്ന വ്യക്തിയുടെ 40 വർഷം പഴക്കമുള്ള, പച്ചനിറമടിച്ച നാലുനില വീടാണ് പ്രളയത്തെ അതിജീവിച്ച് വാർത്തകളിൽ ഇടംപിടിച്ചത്. ദുരന്തത്തിൽ പ്രദേശത്തെ മറ്റെല്ലാ കെട്ടിടങ്ങളും ഒലിച്ചുപോയപ്പോഴും ആറ് കുടുംബാംഗങ്ങളുടെ ജീവനാണ് ഈ വീട് കാത്തത്.
കഴിഞ്ഞ 26നുണ്ടായ മിന്നൽ പ്രളയത്തിൽ ത്രിശൂലി നദിയിൽ ജലനിരപ്പുയർന്നതോടെ പ്രകാശും കുടുംബവും വീടിന്റെ ഏറ്റവും മുകളിലത്തെ നിലയിലേക്കു മാറി. താഴത്തെ നിലയിലുണ്ടായിരുന്ന കടയും സാധനങ്ങളും വാഹനങ്ങളും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയെങ്കിലും കെട്ടിടത്തിന്റെ പ്രധാന ഘടനയ്ക്കു യാതൊരു കേടുപാടും സംഭവിച്ചില്ല.
പലരും ഇതിനെ ഒരു ‘അത്ഭുതം’ എന്നു വിളിക്കുമ്പോഴും കൃത്യമായ നിർമാണരീതിയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമാണ് വീടിനെ രക്ഷിച്ചതെന്ന് കെട്ടിടനിർമാണ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
താനുൾപ്പെടെ ആറു പേരാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നതെന്നും ഒരു മകൻ സ്കൂളിലായിരുന്നതിനാൽ രക്ഷപ്പെട്ടെന്നും പ്രകാശ് പറഞ്ഞു. വീടിന്റെ താഴത്തെ നില പ്രകാശിന്റെ കടയിലെ സാധനങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണായിട്ടാണ് ഉപയോഗിച്ചിരുന്നത്.
പ്രളയത്തിൽ വൻതോതിലുള്ള സാധനസാമഗ്രികൾ നശിക്കുകയും രണ്ട് കാറുകളും ബൈക്കുകളും സ്കൂട്ടറുകളും ഒലിച്ചുപോകുകയും ചെയ്തു. എന്നിരുന്നാലും, ഈ പ്രളയത്തിൽ തന്റെ വീട് തകരാതെ പിടിച്ചുനിന്നത് കേവലം യാദൃശ്ചികമല്ലെന്നാണ് പ്രകാശ് വിശ്വസിക്കുന്നത്. വെള്ളം ഉയർന്നതോടെ പ്രകാശും കുടുംബവും ആദ്യം നാലാം നിലയിലേക്ക് മാറിയെങ്കിലും താമസിയാതെ പ്രളയജലം അവിടെയുമെത്തി. തുടർന്ന് അവർ വീടിന്റെ ടെറസിലേക്ക് മാറുകയായിരുന്നു.
പ്രധാന കാരണം ശക്തമായ അടിത്തറ
നദിക്കരയോടു ചേർന്നായതിനാൽ 40 വർഷം മുമ്പു വീട് നിർമിക്കുമ്പോൾ അടിത്തറയിൽ റോഡ് നിർമാണത്തിന് ഉപയോഗിക്കുന്ന വലിയ കല്ലുകളും മണ്ണും പ്രത്യേക രീതിയിൽ നിരത്തി അടിത്തറ ശക്തമാക്കിയിരുന്നു.
പ്രദേശത്തെ ഭൂരിഭാഗം വീടുകളും സാധാരണ കല്ലുകൾ അടുക്കിവച്ച് നിർമിച്ചവയായിരുന്നു. എന്നാൽ, പ്രകാശിന്റെ വീട് കമ്പിയും കോൺക്രീറ്റും ഉപയോഗിച്ച് തൂണുകളും ബീമുകളും പരസ്പരം ബന്ധിപ്പിച്ചു നിർമിച്ചതാണ്. ഇത് പ്രളയജലത്തിന്റെ വൻ സമ്മർദത്തെ താങ്ങിനിർത്താൻ സഹായിച്ചു.
ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ കൂറ്റൻ പാറകളും മരങ്ങളും നദിയുടെ നടുവിലൂടെയാണ് പ്രവഹിച്ചത്. അതിൽനിന്ന് അല്പം മാറിയും ഉയർന്ന പ്രദേശത്തുമാണ് ഈ വീട് സ്ഥിതി ചെയ്തിരുന്നത്. ചതുരാകൃതിയിലുള്ള ചെറിയ വീടായതിനാൽ വെള്ളത്തിന്റെ കുത്തൊഴുക്കിനെ രണ്ടായി വിഭജിച്ച് ഇരുവശങ്ങളിലേക്കും തിരിച്ചുവിടാൻ കെട്ടിടത്തിന് സാധിച്ചു.
നിലവിൽ ഈ വീടിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. കൃത്യമായ പ്ലാനിംഗോടെയും ഗുണനിലവാരത്തോടെയും കെട്ടിടങ്ങൾ നിർമിച്ചാൽ പ്രകൃതിദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാൻ സാധിക്കുമെന്നതിന്റെ മികച്ച ഉദാഹരണമായി മാറിയിരിക്കുകയാണ് നേപ്പാളിലെ ഈ പച്ച വീട്.
