നാല് തലമുറകൾക്ക് അഥവാ ഏകദേശം 200 വർഷങ്ങൾക്ക് ശേഷം കുടുംബത്തിൽ പിറന്ന പെൺകുഞ്ഞിനെ രാജകീയമായി വരവേറ്റ് മഹാരാഷ്ട്രയിലെ ബീഡിൽ നിന്നുള്ള കുടുംബം. ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങിയെത്തിയ ‘ഗാർഗി’ എന്ന നവജാതശിശുവിനെയും അമ്മയെയും കുതിരരഥത്തിലാണ് ദഹിഫാലെ കുടുംബം ആനയിച്ചത്.
മേളവാദ്യങ്ങളുടെയും നൃത്തത്തിന്റെയും അകമ്പടിയോടെയായിരുന്നു ആഘോഷം.തങ്ങളുടെ കുടുംബത്തിൽ കഴിഞ്ഞ 200 വർഷമായി ഒരു പെൺകുഞ്ഞ് ജനിച്ചിരുന്നില്ലെന്നും ആ സങ്കടമാണ് ഗാർഗിയുടെ വരവോടെ മാറിയതെന്നും മുത്തശ്ശൻ ലിംബാജി ദഹിഫാലെ കണ്ണീരോടെ പറഞ്ഞു.
വീട്ടിലേക്ക് മഹാലക്ഷ്മി വന്നെത്തിയ സന്തോഷത്തിലാണ് തങ്ങളെന്ന് കുഞ്ഞിന്റെ മുത്തശ്ശി സുരേഖ ദഹിഫാലെ പ്രതികരിച്ചു. ആശുപത്രിയിൽ വെച്ച് തന്നെ കുഞ്ഞിന് ഗംഭീര വരവേൽപ്പ് നൽകാൻ കുടുംബം തീരുമാനിച്ചിരുന്നു.
ആൺകുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്ന ലോകത്ത് പെൺകുഞ്ഞിന്റെ പിതാവാകുന്നത് പ്രത്യേക സന്തോഷമാണെന്നും, തന്റെ മകളെ ഒരു പൂവുപോലെ വളർത്തുമെന്നും ഗാർഗിയുടെ പിതാവ് പറഞ്ഞു.
പെൺകുട്ടികളുടെ ജനനത്തെ ഇന്നും മടിയോടെ കാണുന്ന സമൂഹത്തിന് ദഹിഫാലെ കുടുംബത്തിന്റെ ഈ ആഘോഷം വലിയൊരു പോസിറ്റീവ് സന്ദേശമാണ് നൽകുന്നതെന്ന് സാമൂഹിക പ്രവർത്തകർ അഭിപ്രായപ്പെട്ടു.
