കരളില്‍ ഉണ്ടാകുന്ന വീക്കത്തെയാണ് ഹെപ്പറ്റൈറ്റിസ് എന്ന് പറയുന്നത്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നീ അഞ്ച് വൈറസുകളാണ് പ്രധാനമായും ഈ രോഗത്തിന് കാരണമാകുന്നത്. ഇവയില്‍ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ വര്‍ഷങ്ങളോളം യാതൊരു ലക്ഷണങ്ങളും പ്രകടമാക്കാതെ ശരീരത്തില്‍ നിലനില്ക്കാം. രോഗിക്ക് യാതൊരു അസ്വസ്ഥതയും അനുഭവപ്പെടാതെ തന്നെ വൈറസ് കരളിനെ നിശ്ശബ്ദമായി നശിപ്പിച്ചുകൊണ്ടിരിക്കും.
ക്ഷീണം, മഞ്ഞപ്പിത്തം, വയറുവീക്കം, കരളിന്റെ പ്രവര്‍ത്തന തകരാറ് മൂലമുള്ള ലക്ഷണങ്ങള്‍ എന്നിവ പ്രത്യക്ഷപ്പെടുമ്പോഴേക്കും കരളിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകാം. ചിലരില്‍ ഇത് കരള്‍ ചുരുങ്ങുന്ന സിറോസിസിലേക്കോ കരള്‍ കാന്‍സറിലേക്കോ വരെ നയിക്കാം. അതുകൊണ്ടുതന്നെ ലക്ഷണങ്ങള്‍ വരുന്നത് വരെ കാത്തിരിക്കരുത്. ലളിതമായ ഒരു രക്തപരിശോധനയിലൂടെ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ വളരെ നേരത്തെ തന്നെ കണ്ടെത്താന്‍ കഴിയും.
അഞ്ച് വൈറസുകള്‍, അഞ്ച് വ്യത്യസ്ത അപകടസാദ്ധ്യതകള്‍
ഹെപ്പറ്റൈറ്റിസ് എ, ഇ
ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ പ്രധാനമായും മലിനമായ ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും പകരുന്നതാണ്. സാധാരണയായി ഇവ താല്‍ക്കാലിക രോഗബാധയാണെങ്കിലും, ഗര്‍ഭിണികളില്‍ ഹെപ്പറ്റൈറ്റിസ് ഇ ഗുരുതര സങ്കീര്‍ണ്ണതകള്‍ക്ക് കാരണമാകാം.
ഹെപ്പറ്റൈറ്റിസ് ബി, സി, ഡി
ഹെപ്പറ്റൈറ്റിസ് ബി, സി, ഡി എന്നിവ രോഗബാധിതരുടെ രക്തത്തിലൂടെയോ ശരീരസ്രവങ്ങളിലൂടെയോ പകരുന്നു. അണുവിമുക്തമാക്കാത്ത സൂചികള്‍ ഉപയോഗിക്കുക, സൂചികളോ റേസറുകളോ പങ്കുവെയ്ക്കുക, സുരക്ഷിതമ ല്ലാത്ത ടാറ്റൂ അല്ലെങ്കില്‍ പിയേഴ്സിംഗ്, പ്രസവസമയത്ത് അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് എന്നിവയാണ് രോഗ കാരണങ്ങള്‍.
ഹെപ്പറ്റൈറ്റിസ് ബി-യ്ക്ക് ഫലപ്രദമായ വാക്സിന്
ഹെപ്പറ്റൈറ്റിസ് ബി-യ്ക്ക് ഫലപ്രദമായ വാക്സിന് ലഭ്യമാണ്. അതേസമയം, ഹെപ്പറ്റൈറ്റിസ് സി-യ്ക്ക് വാക്സിന് ഇല്ലെങ്കിലും, ആധുനിക മരുന്നുകളുടെ സഹായത്തോടെ 95 ശതമാനത്തിലധികം രോഗികളില്‍ 8 മുതല്‍ 12 ആഴ്ചയ്ക്കുള്ളില്‍ രോഗം പൂര്‍ണ്ണമായും ഭേദമാക്കാന്‍ ഇന്ന് സാധിക്കുന്നു.
ഹെപ്പറ്റൈറ്റിസ് ബി ഉള്ളവരില്‍ മാത്രമാണ് ഹെപ്പറ്റൈറ്റിസ് ഡി അണുബാധ ഉണ്ടാകുന്നത്. അതിനാല്‍ ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷന് എടുക്കുന്നതിലൂടെ ഹെപ്പറ്റൈറ്റിസ് ഡിയെയും തടയുന്നു.
ഏറ്റവും വലിയ വെല്ലുവിളി – രോഗം അറിയാതെ ജീവിക്കുന്നവര്‍
ലോകത്ത് 35 കോടിയിലധികം ആളുകള്‍ ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കില്‍ സി ബാധിച്ച് ജീവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും തങ്ങള്‍ രോഗബാധിതരാണെന്ന കാര്യം അറിയില്ല. രോഗം തിരിച്ചറിയപ്പെടാത്തതിനാല്‍ ചികിത്സയും ലഭിക്കുകയില്ല. അതുകൊണ്ടുതന്നെ അപകടസാധ്യതയുള്ളവര്‍ നിര്‍ബന്ധമായും പരിശോധന നടത്തണം. സുരക്ഷിതമല്ലാത്ത രക്ത സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്, അണുവിമുക്തമല്ലാത്ത സാഹചര്യങ്ങളില്‍ ശസ്ത്രക്രിയയോ, ദന്തചികിത്സയോ, ടാറ്റൂവോ ചെയ്തവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പരിശോധന വളരെ പ്രധാനമാണ്.
വിവരങ്ങൾ – ഡോ. ഡിൽമോ യെൽദോ, ജൂണിയർ കൺസൾട്ടന്റ്, മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, എസ് യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
