തിരുവനന്തപുരം: വീടിന് മുന്നിൽ പൊലിസ് ഔട്ട്പോസ്റ്റ് സ്ഥാപിച്ചത് ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ്. താൻ സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. ജീപ്പ് സ്റ്റേഷനിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ .
ജീപ്പ് സ്റ്റേഷൻ എന്ന തരത്തിലുള്ള പ്രചാരണം തന്നെ വ്യക്തിപരമായി അപമാനിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും പിണറായി ആരോപിച്ചു. തന്റെ വീടിന് മുന്നിൽ പൊലിസ് സ്റ്റേഷൻ ഒരുകാലത്തും ആരംഭിച്ചിട്ടില്ലെന്ന് പിണറായി പറഞ്ഞു. സാധാരണ നടപടിക്രമത്തിന്റെ ഭാഗമായി ഒരു പൊലിസ് വാഹനത്തിൽ പൊലിസുകാർ വന്ന് പോയിരുന്നു.
പിന്നീട് വാഹനം ഗതാഗതയോഗ്യമല്ലാതായതോടെ അവിടെത്തന്നെ കിടന്നതായാണ് മനസിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വാഹനം അവിടെനിന്ന് മാറ്റി അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കുമെന്ന് പൊലിസ് അറിയിച്ചിരുന്നു. എന്നാൽ അധികാരമൊഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും വാഹനം മാറ്റിയിട്ടില്ലെന്നും ഇതിന് പിന്നിലെ കാരണം വിശദീകരിക്കേണ്ടത് പൊലിസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രി മന്ദിരങ്ങൾക്ക് മുന്നിൽ ഇപ്പോഴും പൊലിസ് ഔട്ട്പോസ്റ്റ് ഡ്യൂട്ടിയിലുള്ളവരുണ്ടെന്നും ഇതെല്ലാം ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമാണെന്നും പിണറായി ചൂണ്ടിക്കാട്ടി. തന്റെ വീടിന് സുരക്ഷ ഏർപ്പെടുത്തണമെന്ന് താൻ പൊലിസിനോട് ആവശ്യപ്പെട്ടിട്ടില്ല. വീടിന് മുന്നിലുള്ള പൊലിസ് വാഹനത്തെ പൊലിസ് സ്റ്റേഷൻ എന്ന നിലയിൽ അവതരിപ്പിക്കുന്നത് വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു
