കൊച്ചി: സംസ്ഥാനത്ത് എസ്ഐ -എസ്എച്ച്ഒ പരിഷ്കരണത്തിലൂടെ പൊലിസിന്റെ ഘടന മാറ്റിയെങ്കിലും പുതിയ ചുമതലകളുമായി രംഗത്തിറങ്ങിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍(സിഐ)മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ല. ചുമതലയേറ്റ പല സിഐമാര്‍ക്കും സ്വന്തമായി ഓഫീസില്ല. സ്റ്റേഷന് റൈറ്റര്‍, കേസ് എഴുത്തുകാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, മേശ, കസേര, കംപ്യൂട്ടര്‍, ഔദ്യോഗിക വാഹനം, ഡ്രൈവര്‍ എന്നിവ ലഭിക്കാത്തതും പ്രവര്‍ത്തനത്തെ ബാധിക്കുന്നതായാണ് വിവരം.
പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും മേല്‍നോട്ട സംവിധാനം ശക്തിപ്പെടുത്തുന്നതിനുമായി നടപ്പാക്കിയ പരിഷ്കരണമാണ് പല സ്ഥലങ്ങളിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ പാളുന്നത്.
എസ്ഐമാര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്മാരാകുന്ന (എസ്എച്ച്ഒ) രണ്ടോ മൂന്നോ സ്റ്റേഷനുകളുടെ ചുമതലയാണ് സിഐമാര്ക്കുള്ളത്. പോക്സോ, ബലാത്സംഗം, കൊലപാതകം, കൂട്ട ആത്മഹത്യ, വധശ്രമം, വന്‍തോതിലുള്ള മയക്കുമരുന്നുവേട്ട, കോടികളുടെ തട്ടിപ്പ് കേസുകള്‍, ഐടി ആക്ട് പ്രകാരമുള്ള കേസുകള്‍ ഉള്‍പ്പടെ വലിയ കേസുകള്‍ എടുക്കേണ്ടതും അതില്‍ അന്വേഷണം നടത്തേണ്ടതും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരാണ്.
പൊലിസ് സ്റ്റേഷനുകളുടെ മേല്‍നോട്ടം, കേസുകളുടെ അവലോകനം, അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍, കീഴ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം വിലയിരുത്തല്‍, റിപ്പോര്‍ട്ടുകള്‍ പരിശോധിക്കല്‍, സിഐയ്ക്ക് നേരിട്ട് ലഭിക്കുന്നതും മേല്‍ ഓഫീസുകളില്‍ നിന്ന് ലഭിക്കുന്നതുമായ പരാതികള്‍ പരിശോധിച്ച് നടപടിയെടുക്കല്‍ തുടങ്ങി രഹസ്യസ്വഭാവം ആവശ്യമായ നിരവധി ജോലികളാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് നിര്‍വഹിക്കാനുള്ളത്. ഇതോടൊപ്പം ലോ ആന്‍ഡ് ഓഡര്‍ ഡ്യൂട്ടി, വിവിഐപി ഡ്യൂട്ടി, പൈലറ്റ് ഡ്യൂട്ടി ഉള്‍പ്പെടെയുള്ളവ ചെയ്യേണ്ടതുമുണ്ട്.
ചുമതല വര്‍ധിച്ചെങ്കിലും അതിനനുസരിച്ചുള്ള ജീവനക്കാരെ ലഭ്യമല്ലാത്തതിനാല്‍ നിലവിലുള്ള പൊലിസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അധിക ജോലികള്‍ നിർവഹിക്കേണ്ട അവസ്ഥയാണുള്ളത്. ഔദ്യോഗിക വാഹനം ഇല്ലാത്തതിനാല്‍ നിലവിലെ സ്റ്റേഷന് വാഹനങ്ങളെ ആശ്രയിക്കേണ്ടിവരുന്നത് അടിയന്തര സാഹചര്യങ്ങളില്‍ പ്രശ്നം സൃഷ്ടിക്കുന്നുമുണ്ട്. പൊലിസ് പ്രവര്‍ത്തനങ്ങള്‍ പലതും ഡിജിറ്റല്‍ സംവിധാനങ്ങളിലേക്ക് മാറിയ സാഹചര്യത്തിലാണ് പുതിയ ഓ ഫിസുകളില് കംപ്യൂട്ടര്‍ സൗകര്യം പോലും ഇല്ലാത്തത്.
സീമ മോഹന്‍ലാല്‍
