കൊച്ചി: ജില്ലയിൽ രണ്ടിടത്ത് രക്ഷകരായി പൊലിസ്. പോണേക്കരയിൽ വിഷം കഴിച്ച് അവശ നിലയിലായിരുന്ന യുവാവിനെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചും മാതാപിതാക്കൾ അറിയാതെ വീട്ടിൽ നിന്നിറങ്ങി പാലത്തിലെത്തിയ നാലു വയസുകാരിയെ രക്ഷിച്ചുമാണ് കൊച്ചി സിറ്റി പൊലിസ് കൈയടി നേടിയത്.
സമയോചിതമായ ഇടപെടൽ; വിഷം കഴിച്ച് അബോധാവസ്ഥയിലായ യുവാവിന് രക്ഷകരായി എളമക്കര പൊലിസ് വിഷം കഴിച്ച് അബോധാവസ്ഥയിലായ യുവാവിനെ കൃത്യ സമയത്ത് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷകരായത് എളമക്കര പൊലിസാണ്. മലപ്പുറം മണ്ണഞ്ചേരി സ്വദേശിയായ 28 കാരന്റെ ജീവനാണ് തിരിച്ചു പിടിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ 10 ഓടെയാണ് എളമക്കര പൊലിസ് സ്റ്റേഷനിലേക്ക് ഫോൺ കോൾ എത്തിയത്. പോണേക്കര മാരിയമ്മൻ കോവിലിന് സമീപത്തുള്ള ബ്രോ കഫേ എന്ന സ്ഥാപനത്തിന്റെ മുകളിലത്തെ മുറിയിൽ താമസിക്കുന്ന 28 കാരൻ ആത്മഹത്യ ചെയ്യകയാണെന്ന് യുവാവിന്റെ സഹോദരൻ മലപ്പുറത്തുനിന്ന് വിളിച്ച് അറിയിക്കുകയായിരുന്നു. ഈ സമയം പെട്രോളിംഗ് നടത്തുകയായിരുന്ന എസ്ഐമാരായ അനൂപ്, അഫ്സൽ, സീനിയർ സിപിഒ ഷമീർ എന്നിവർ ഉടൻ തന്നെ സ്ഥലത്തെത്തി മുറിയുടെ വാതിൽ ചവിട്ടി തുറന്ന് വിഷം കഴിച്ച് അബോധാവസ്ഥയിലായ യുവാവിനെ പൊലിസ് വേഗത്തിൽ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വൈകിട്ടോടുകൂടി അപകടനില തരണം ചെയ്ത യുവാവിനെ വീട്ടുകാർ വീട്ടിലേക്കു കൊണ്ടുപോയി.
നഗരത്തിൽ ഡെലിവറി ബോയി ആയി ജോലി ചെയ്തിരുന്ന യുവാവ് സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് നിഗമനം. യുവാവ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ട മെസേജ് കണ്ട സഹോദരനാണ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞത്. കൃത്യസമയത്തെ ഇടപ്പെട്ട് ഒരു ജീവൻ രക്ഷിക്കാൻ സാധിച്ചതിന്റെ ആശ്വാസത്തിലാണ് എളമക്കര പൊലിസ്.
നാലുവയസുകാരി പാലത്തിൽ;രക്ഷകരായി പൊലിസ്
രക്ഷിതാക്കൾ അറിയാതെ വീട്ടിൽനിന്ന് പുറത്തിറങ്ങി പാലത്തിലെത്തിയ ഭിന്നശേഷിക്കാരിയായ നാലുവയസുകാരിക്ക് രക്ഷകരായി കൊച്ചി സിറ്റി പൊലിസ്. ഇടപ്പള്ളി കുന്നുംപുറത്ത് താമസിക്കുന്ന ഇതര സംസ്ഥാനക്കാരായ ദമ്പതികളുടെ മകളെയാണ് പൊലിസിന്റെ സമയോചിത ഇടപെടലിലൂടെ സുരക്ഷിതമായി മാതാപിതാക്കൾക്ക് കൈമാറിയത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 നായിരുന്നു കുന്നുംപുറം പാലത്തിൽ നാലുവയസുകാരിയെ തനിച്ച് കണ്ടത്. കുഞ്ഞ് പാലത്തിലൂടെ തനിച്ച് നടന്നു വരുന്നതു കണ്ട സ്വകാര്യ ബസ് ജീവനക്കാർ പൊലിസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകായിരുന്നു. കുട്ടിയെകുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കാതിരുന്നതിനാൽ പൊലിസ് ഉടൻ സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു.
എറണാകുളം വനിതാ പൊലിസ് സ്റ്റേഷനിലെ എഎസ്ഐ ബേബി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘവും ചേരാനല്ലൂർ പൊലിസും സ്ഥലത്തെത്തിയാണ് പരിശോധന നടത്തിയത്. കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞ് മാതാപിതാക്കളും സമീപവാസികൾക്കൊപ്പം സ്ഥലത്തെത്തി തെരച്ചിൽ തുടങ്ങി. ഇതിനിടെ പാലത്തിന് മുകളിൽ നിന്നാണ് എഎസ്ഐ ബേബി വർഗീസ് കുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറി.
സ്വന്തം ലേഖിക
