മുംബൈയിലെ വീട്ടിൽവച്ച് അക്രമിയുടെ കുത്തേറ്റ സംഭവത്തിൽ ഒന്നരവർഷത്തിനുശേഷം മനസുതുറന്ന് നടൻ സെയ്ഫ് അലിഖാൻ. സംഭവത്തിനുശേഷം ജീവിതത്തിലെ സുരക്ഷയെപ്പറ്റി തന്റെ നിലപാടിൽ വന്ന മാറ്റങ്ങളെകുറിച്ചും നടൻ വെളിപ്പെടുത്തി.
“ആ ഓർമ്മകൾ നമ്മെ വിട്ടുപോകില്ല. താൻ എത്രത്തോളം ഭാഗ്യവാനായിരുന്നുവെന്നും മരണം എത്രത്തോളം അടുത്തുവന്നുവെന്നും അത് എത്രമാത്രം അക്രമാസക്തവും പെട്ടെന്നുള്ളതുമായിരുന്നുവെന്നും മാത്രമാണ് ഞാൻ ഓർക്കുന്നത്.’ അദ്ദേഹം ഓർത്തെടുത്തു.
ആക്രമണസമയത്ത് തന്റെ ജീവൻ അവസാനിച്ചേക്കാമെന്ന് കരുതിയ നിമിഷത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. “രണ്ട് കാര്യങ്ങളുണ്ട്, ഒന്ന് അതിനെ വൈകാരികമായി നേരിടുക എന്നതാണ്, ഇപ്പോൾ ആലോചിക്കുമ്പോൾ വലിയ ഭാഗ്യമായി തോന്നുന്നു.
ഒരു ഘട്ടത്തിൽ എല്ലാം അവസാനിച്ചു എന്ന് കരുതിയതായി ഞാൻ ഓർക്കുന്നു, എന്നാൽ അതോടൊപ്പം തന്നെ ഇതൊരു മികച്ച ജീവിതമായിരുന്നുവെന്ന് ചിന്തിച്ചിരുന്നതായും ഓർക്കുന്നു. ഭയാനകമായ സാഹചര്യമായിരുന്നിട്ടും, താൻ ജീവിച്ച ജീവിതത്തെക്കുറിച്ച് ഓർത്തപ്പോൾ അതൊരു വലിയ നന്ദിബോധമാണ് നൽകിയതെന്ന്’ അദ്ദേഹം പറഞ്ഞു.
ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു. “ഈ സംഭവത്തിനു മുന്പ് എനിക്ക് വലിയ സുരക്ഷാ ക്രമീകരണങ്ങളോട് വലിയ താല്പര്യമില്ലായിരുന്നു. തുറന്ന അന്തരീക്ഷമാണ് ഞാൻ ഇഷ്ടപ്പെട്ടിരുന്നത്. എന്നാൽ ലോകത്ത് സൗകര്യങ്ങൾ ഉള്ളവരും ഇല്ലാത്തവരുമായി നിരവധി ആളുകളുണ്ടെന്നും അതിനാൽ വിധിയെ പരീക്ഷിക്കരുതെന്നുമാണ് ഞാൻ മനസിലാക്കിയത്.
അതുകൊണ്ട് വാതിലുകൾ പൂട്ടണമെന്നും വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമായി വയ്ക്കണമെന്നും, നമ്മൾ എത്രമാത്രം ഭാഗ്യവാന്മാരാണെന്നും ഭൂരിഭാഗം ആളുകൾ എത്രത്തോളം നിർഭാഗ്യവാന്മാരാണെന്നും തിരിച്ചറിയാൻ കഴിയണമെന്നും’ അദ്ദേഹം പറഞ്ഞു. കൂടാതെ തന്റെ ചുറ്റുപാടുകളെക്കുറിച്ച് കൂടുതൽ ജാഗ്രതയുള്ളവനാകാൻ ഈ സംഭവം തന്നെ പഠിപ്പിച്ചതായി സെയ്ഫ് പറഞ്ഞു.
സമയമേറെ കഴിഞ്ഞിട്ടും ആ ആക്രമണത്തിന്റെ ഓർമകൾ മാഞ്ഞുപോയിട്ടില്ലെന്ന് 56-കാരനായ നടൻ വെളിപ്പെടുത്തി. ജീവൻ നഷ്ടപ്പെടുന്നതിന് എത്രത്തോളം അടുത്തെത്തി എന്ന് ഓർക്കുമ്പോൾ സംഭവത്തിന്റെ ചില വശങ്ങൾ കൂടുതൽ വ്യക്തമായി മനസിൽ തെളിയുന്നതായും അദ്ദേഹം പറഞ്ഞു.
2025 ജനുവരി 16-നാണ് സെയ്ഫിന് നേരെ ആക്രമണമുണ്ടായത്. ബാന്ദ്രയിലെ 12-ാം നിലയിലുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമി അദ്ദേഹത്തെ പലതവണ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നടന്റെ നട്ടെല്ലിന് സമീപം തറച്ചിരുന്ന കത്തിയുടെ കഷണം ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. ലീലാവതി ആശുപത്രിയിലെ അടിയന്തര ശസ്ത്രക്രിയയ്ക്കുശേഷം അഞ്ച് ദിവസത്തിനുശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്.
