കോഴിക്കോട്: സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി പൊതുചര്‍ച്ചയില്‍ നേതൃത്വത്തെ ‘എയറി’ലാക്കി പ്രതിനിധികൾ. വിജയത്തിനു കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വംകൂടി ഏറ്റെടുക്കണമെന്നാണു വിമർശനം ഉയർന്നത്.
അടവ് നയത്തിൽ പരാജയം
നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി അപ്രതീക്ഷിതമല്ലെന്നും 2021നു ശേഷം എല്ലാ തെരഞ്ഞെടുപ്പുകളിലും തോറ്റപ്പോൾ പൾസ് മനസിലാക്കി അടവ് രൂപപ്പെടുത്തുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്നും വിമർശനം ഉയർന്നു. യോഗത്തിൽ അവതരിപ്പിച്ച തിരുത്തല്രേഖയിലെ ഉള്ളടക്കം പാര്‍ട്ടിയുടെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ പര്യാപ്തമല്ലെന്നും വിമർശനമുണ്ടായി.
വെള്ളാപ്പള്ളിയോടു മൃദുസമീപനം
വെള്ളാപ്പള്ളി നടേശനോടു സ്വീകരിച്ച സമീപനത്തിൽ നേതൃത്വത്തിനെതിരേ പ്രതിനിധികൾ അതിരൂക്ഷ വിമർശനമാണു നേരത്തേ ഉയർത്തിയത്.
വെള്ളാപ്പള്ളിയെ ചുമന്നത് പാർട്ടിക്കു നാണക്കേടായി എന്നും ഒരുവിഭാഗം അഭിപ്രായപ്പെട്ടു. എംഎൽഎയെ എന്തിനു സെക്രട്ടറിയാക്കി എന്നായിരുന്നു തിരുവനന്തപുരത്ത് വി. ജോയിയെ ജില്ലാ സെക്രട്ടറിയാക്കി നിലനിർത്തിയതിനെതിരേ പ്രതിനിധികൾ ഉയർത്തിയ ചോദ്യം.
പാർട്ടിയെ നയിക്കാൻ വേറെയാരും ഇല്ലേ എന്നും ചോദ്യമുണ്ടായി. മറ്റെവിടെയും ജനപ്രതിനിധിയായി ഇരിക്കുന്ന ആരും ജില്ലാ സെക്രട്ടറി പദവിയിൽ തുടരുന്നില്ല. അവിടെ മാത്രം എന്താണ് ഇളവെന്നും പ്രതിനിധികൾ ചോദിച്ചു.
തളിപ്പറന്പ് തോൽവി
തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി പാർട്ടി ഒരേ നിലയിൽ തന്നെ കാണുമ്പോഴും വിപുലീകൃത സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യുന്ന രേഖയിൽ തളിപ്പറമ്പിലെ തോൽവി ഇല്ലായെന്നതും വിമർശനത്തിന് വഴിവച്ചു. പയ്യന്നൂരിലെ തോൽവി മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തോൽവിയിൽ നേതൃത്വത്തിനു വീഴ്ച പറ്റിയെന്നാണു പാർട്ടി കണ്ടെത്തിയിരുന്നത്. സംസ്ഥാന കമ്മിറ്റിയും കേന്ദ്രകമ്മിറ്റിയും തയാറാക്കിയ റിപ്പോർട്ടിൽ അക്കാര്യം ഉൾപ്പെടുത്തിയിരുന്നു.
“വിമർശനത്തിൽ അദ്ഭുതമില്ല”
അതേസമയം പണം സമ്പാദിക്കാനുള്ള വഴിയായി ചിലര്‍ പാര്‍ട്ടി പ്രവര്‍ത്തനത്തെ മാറ്റുന്നുവെന്നും ഇതുവഴി സാദാ പ്രവര്‍ത്തകര്‍ക്കു പാര്‍ട്ടി പ്രവര്‍ത്തനത്തിനിറങ്ങാന്‍ മടുപ്പ് വരുന്നതായും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
ഇന്നലെ ഉച്ചയ്ക്കു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പൊതുചര്‍ച്ചയില്‍ ശക്തമായ വിമര്‍ശനമുയര്‍ന്ന കാര്യം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് സമ്മതിച്ചു. വിമര്‍ശനത്തില്‍ എന്താണ് അദ്ഭുതമെന്നായിരുന്നു ഗോവിന്ദന്റെ ചോദ്യം. ഇന്നലെ രാത്രി എട്ടു വരെയായിരുന്നു പൊതു ചര്‍ച്ച. അതിനുശേഷം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നു.
