സ്പോർട്സ് പ്രെഡിക്ഷൻ പ്ലാറ്റ്ഫോമായ ‘നോവിഗിന്റെ ‘ (Novig) പുതിയ പരസ്യ ചിത്രത്തിൽ അതീവ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ട ഹോളിവുഡ് താരം സിഡ്നി സ്വീനിക്കെതിരെ ആഗോളതലത്തിൽ രൂക്ഷവിമർശനം. ഫുട്ബോൾ, ബാസ്കറ്റ് ബോൾ, ടെന്നീസ് റാക്കറ്റുകൾ തുടങ്ങിയ കായിക ഉപകരണങ്ങൾ മാത്രം ഉപയോഗിച്ച് ശരീരം മറച്ച നിലയിലാണ് താരം പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇത് കായികരംഗത്തെ സ്ത്രീകളെ ലൈംഗികവത്കരിക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് ചൂണ്ടിക്കാട്ടി ഒളിമ്പിക്സ് താരങ്ങളടക്കം രംഗത്തെത്തിയിട്ടുണ്ട്.
‘നോവിഗ്’ എന്ന സ്പോർട്സ് ട്രേഡിങ് ആപ്പിന്റെ പ്രചാരണാർഥമാണ് ‘ദ ഹൗസ്മെയ്ഡ്’, ‘യുഫോറിയ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ സിഡ്നി സ്വീനി പരസ്യത്തിൽ അഭിനയിച്ചത്. കമ്പനിയുടെ ക്രിയേറ്റീവ് പങ്കാളിയും ഓഹരി ഉടമയുമാണ് സ്വീനി. എന്നാൽ ഒരു സ്പോർട്സ് ആപ്പ് പ്രൊമോട്ട് ചെയ്യാൻ നഗ്നതയും ഗ്ലാമറും എന്തിനാണ് ഉപയോഗിക്കുന്നത് എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
താരത്തിന്റെ പരസ്യത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായാണ് ഒളിമ്പിക്സ് ജേതാക്കൾ രംഗത്തെത്തിയത്. നാല് തവണ ഒളിമ്പിക് സ്വർണ്ണമെഡൽ നേടിയ ഓസ്ട്രേലിയൻ നീന്തൽ താരം അരിയാൺ ടിറ്റ്മസ് പരസ്യത്തെ രൂക്ഷമായി വിമർശിച്ചു.
“ഇത് കാണുമ്പോൾ ഉണ്ടാകുന്ന ദേഷ്യം വിവരിക്കാൻ കഴിയില്ല. സ്വന്തം കഴിവും കഠിനാധ്വാനവും കൊണ്ട് കായികലോകത്ത് സ്ഥാനം കണ്ടെത്തിയ ഓരോ സ്ത്രീക്കും നേരെ നടത്തുന്ന കൊട്ടാപ്പരമാണിത്. സ്ത്രീശരീരത്തെ പണമാക്കുന്നതും കായികരംഗത്തെ ലൈംഗികവത്കരിക്കുന്നതും ഇന്നും തുടരുന്നത് എന്തുകൊണ്ടാണ്?” – അരിയാൺ ടിറ്റ്മസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. വാട്ടർപോളോ താരം ടില്ലി കേൺസും പരസ്യത്തിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചു.
വിമർശനങ്ങൾ കടുക്കുമ്പോഴും നേരിട്ടുള്ള മറുപടിക്ക് പകരം ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെയാണ് സ്വീനി പ്രതികരിച്ചത്. മുൻകാലങ്ങളിൽ കായിക ആവശ്യങ്ങൾക്കായും പരസ്യങ്ങൾക്കായും സമാനമായ രീതിയിൽ ഫോട്ടോഷൂട്ടുകൾ നടത്തിയിട്ടുള്ള സെറീന വില്യംസ്, റോണ്ട റൗസി, സൂ ബേർഡ്, മേഗൻ റാപിനോ, ജെയ്സൺ കെൽസി തുടങ്ങിയ പ്രമുഖ കായിക താരങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചാണ് സ്വീനി മറുപടി നൽകിയത്. താൻ മാത്രമായി ഇത്തരമൊരു ആശയം ആദ്യമായി പരീക്ഷിച്ചതല്ല എന്ന് തെളിയിക്കാനായിരുന്നു ഇത്.
ശ്രദ്ധ നേടാനും തമാശ രൂപേണ വിഷയം അവതരിപ്പിക്കാനുമാണ് ഇത്തരമൊരു ആശയം തിരഞ്ഞെടുത്തതെന്നാണ് സ്വീനിയുടെ മുൻപത്തെ വിശദീകരണം. മുൻപും പരസ്യചിത്രങ്ങളിലെ വേറിട്ട അവതരണങ്ങളുടെ പേരിൽ സിഡ്നി സ്വീനി വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്.


