വിമാനത്തിനുള്ളിൽ നായ മൂത്രമൊഴിച്ചതിനെ തുടർന്ന് യാത്രക്കാർക്ക് മുന്നിൽ വേറിട്ട ഉപാധിയുമായി പൈലറ്റ്. ഡെൽറ്റ എയർലൈൻസ് വിമാനത്തിലാണ് സംഭവം. വിമാനം വൃത്തിയാക്കുന്നതിനായി യാത്ര വൈകിപ്പിക്കണോ അതോ ദുർഗന്ധം സഹിച്ചുകൊണ്ട് കൃത്യസമയത്ത് പറന്നുയരണോ എന്ന് യാത്രക്കാരോട് വോട്ട് ചെയ്ത് തീരുമാനിക്കാൻ പൈലറ്റ് ആവശ്യപ്പെടുകയായിരുന്നു.
ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ടെലിവിഷൻ അവതാരകയായ ജെന്നിഫർ കോഫി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ അപൂർവ്വ സംഭവം പുറംലോകമറിഞ്ഞത്. മുൻപത്തെ സർവീസിനിടെയാണ് വിമാനത്തിനുള്ളിൽ നായ മൂത്രമൊഴിച്ചത്.
തുടർന്ന് പൈലറ്റ് ഗേറ്റിലെത്തി യാത്രക്കാരോട് കാര്യം വിശദീകരിക്കുകയായിരുന്നു. വിമാനം ശുചീകരിക്കാൻ അനുവദിച്ചാൽ പുറപ്പെടാൻ വൈകുമെന്നും, അതല്ലെങ്കിൽ ദുർഗന്ധം സഹിച്ച് സമയത്തിന് യാത്ര തിരിക്കാമെന്നും പൈലറ്റ് അറിയിച്ചു. തുടർന്ന് യാത്രക്കാരോട് കൈകൾ ഉയർത്തി വോട്ട് രേഖപ്പെടുത്താൻ ആവശ്യപ്പെടുകയായിരുന്നു. ഈ ജനാധിപത്യപരമായ വോട്ടെടുപ്പിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
പത്ത് ദശലക്ഷത്തിലധികം (10 Million) ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. എന്നാൽ വോട്ടെടുപ്പിൽ ഏത് ഓപ്ഷനാണ് കൂടുതൽ പിന്തുണ ലഭിച്ചതെന്നോ വിമാനം വൈകിയോ എന്നതിനെക്കുറിച്ചോ വ്യക്തതയില്ല.
സംഭവം വൈറലായതോടെ വളർത്തുമൃഗങ്ങളെ വിമാനത്തിനുള്ളിൽ പ്രവേശിപ്പിക്കുന്നതിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ തർക്കമാണ് നടക്കുന്നത്. പരിശീലനം ലഭിച്ച സർവീസ് നായ്ക്കളെ മാത്രമേ വിമാനത്തിൽ കയറ്റാവൂ എന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, മറ്റു ചിലർ മൃഗങ്ങളുടെ സാന്നിധ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
