മൾട്ടിനാഷണൽ കമ്പനിയിൽ നിന്ന് ജോലി നഷ്ടപ്പെട്ടിട്ടും മാതാപിതാക്കളിൽ നിന്ന് കാര്യം മറച്ചുവെക്കാനായി ദിവസവും രാവിലെ ഓഫീസിലേക്കെന്ന വ്യാജേന വീട്ടിൽ നിന്നിറങ്ങുന്ന യുവാവിന്റെ വാർത്ത സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. ഗുരുഗ്രാം സ്വദേശിയായ യുവാവാണ് തന്റെ ഈ അസാധാരണ അനുഭവം റെഡ്ഡിറ്റിലൂടെ പങ്കുവച്ചത്.
ഗുരുഗ്രാമിലെ സൈബർ സിറ്റിയിലുള്ള ഒരു എംഎൻസി കമ്പനിയിൽ ഏഴു വർഷമായി ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹത്തിന് സെപ്റ്റംബർ 10നാണ് അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടുന്നത്. എന്നാൽ ഈ വിവരമറിഞ്ഞാൽ മാതാപിതാക്കൾ തകർന്നുപോകുമെന്ന് ഭയന്ന് ഇയാൾ വിവരം പുറത്തുപറഞ്ഞില്ല. തുടര്ന്ന് ഓഫീസിലെ ലാപ്ടോപ്പിന് പകരം സ്വന്തം ലാപ്ടോപ്പ് ബാഗിലാക്കി, ദിവസവും രാവിലെ 9 മണിക്ക് കൃത്യമായി ഓഫീസിലേക്ക് എന്ന പോലെ വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നു.
ദിവസം മുഴുവൻ സ്റ്റാർബക്സ് പോലുള്ള കഫേകളിൽ പോയിരുന്ന് പുതിയ ജോലികൾക്കായി അപേക്ഷിക്കുകയും പൈത്തൺ കോഡിംഗ് പഠിക്കുകയുമാണ് ഇയാൾ ചെയ്യുന്നത്. ഇതിനുശേഷം വസന്ത് കുഞ്ച്, ഹൗസ് ഖാസ് തുടങ്ങിയ സ്ഥലങ്ങളിലെ പാവപ്പെട്ട കുട്ടികൾക്ക് സൗജന്യമായി ക്ലാസെടുക്കുകയും വൈകുന്നേരം 5 മണിക്ക് സാധാരണപോലെ വീട്ടിൽ തിരിച്ചെത്തുകയും ചെയ്യും. ഈ “ഇരട്ട ജീവിതം” തന്നെ വളരെയധികം തളർത്തുന്നുണ്ടെന്നും എത്രനാൾ ഇങ്ങനെ മുന്നോട്ട് പോകാൻ കഴിയുമെന്ന് അറിയില്ലെന്നും യുവാവ് കുറിച്ചു.
യുവാവിന്റെ പോസ്റ്റ് വൈറലായതോടെ പിന്തുണയുമായി നിരവധി റെഡ്ഡിറ്റ് ഉപയോക്താക്കൾ രംഗത്തെത്തി. ലേ-ഓഫ് എന്നത് കമ്പനികളുടെ സാമ്പത്തിക തീരുമാനങ്ങളുടെയും പുനഃസംഘടനയുടെയും ഭാഗമായി നടക്കുന്നതാണെന്നും വ്യക്തിപരമായ പരാജയമായി കാണേണ്ടതില്ലെന്നും ആളുകൾ ഇദ്ദേഹത്തെ ആശ്വസിപ്പിച്ചു. കൂടാതെ ഡൽഹിയിൽ ശനിയാഴ്ചകളിൽ നടക്കുന്ന ജോബ് ഡ്രൈവുകളിൽ പങ്കെടുക്കാനും പുതിയ അവസരങ്ങൾക്കായി ശ്രമം തുടരാനും പലരും ഇയാൾക്ക് പ്രായോഗിക നിർദ്ദേശങ്ങൾ നൽകി.

