വിദേശത്ത് കുടിയേറാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കായി അമേരിക്കൻ ജീവിതത്തിന്റെ മറ്റൊരു വശം തുറന്നുകാട്ടി ഇന്ത്യൻ യുവാവിന്റെ വീഡിയോ. യുഎസിൽ ജീവിക്കുന്ന നിതിൻ മൽഹോത്ര എന്ന യുവാവാണ് വൈകുന്നേരം 6 മണിക്ക് പോലും ആളനക്കമില്ലാതെ വിജനമായി കിടക്കുന്ന തന്റെ റെസിഡൻഷ്യൽ ഏരിയയുടെ ദൃശ്യങ്ങൾ പങ്കുവെച്ചത്.
5 കോടി മുതൽ 15 കോടി രൂപ വരെ വിലമതിക്കുന്ന വലിയ വീടുകളുള്ള ഏരിയയാണെങ്കിലും തെരുവിൽ ഒരാളെപ്പോലും കാണാനില്ലെന്ന് വീഡിയോയിൽ ഇയാൾ പറയുന്നു. വൈകുന്നേരങ്ങളിൽ ആളുകളും കടകമ്പോളങ്ങളും കൊണ്ട് ബഹളമയമാകുന്ന ഇന്ത്യൻ തെരുവുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇവിടുത്തെ ജീവിതം. “അമേരിക്കയിൽ വന്നിട്ട് നിങ്ങളെന്ത് ചെയ്യാനാണ്?” എന്ന ചോദ്യത്തോടെയാണ് ഇയാൾ അമേരിക്കയിലെ സബർബൻ ജീവിത രീതിയെക്കുറിച്ച് സംസാരിക്കുന്നത്.
ഫ്ലോറിഡയ്ക്ക് പുറമേ ടെക്സസ്, കാലിഫോർണിയ, ന്യൂയോർക്ക് എന്നിവിടങ്ങളിലെല്ലാം ഇതാണ് അവസ്ഥയെന്ന് അഞ്ചു വർഷമായി യുഎസിൽ കഴിയുന്ന നിതിൻ വ്യക്തമാക്കുന്നു. പ്രവാസി സമൂഹങ്ങൾ കൂടുതലുള്ള ചില പ്രദേശങ്ങളിൽ മാത്രമാണ് ഇതിന് മാറ്റമുള്ളത്.
വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ശാന്തമായ അന്തരീക്ഷവും സ്വകാര്യതയുമാണ് അമേരിക്കൻ ജീവിതത്തിന്റെ പ്രത്യേകതയെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ, ഇത്തരം ഒറ്റപ്പെടലുകൾ കടുത്ത ഏകാന്തതയ്ക്ക് കാരണമാകുമെന്നാണ് മറ്റ് ചിലരുടെ പക്ഷം.
