ശക്തമായ മഴയെ തുടർന്ന് റോഡുകൾ വെള്ളത്തിനടിയിലായതോടെ, ഗുരുതരാവസ്ഥയിലായ രോഗിയെ വെള്ളക്കെട്ടിലൂടെ തോളിലിലേറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്ന കുടുംബത്തിന്റെ ദയനീയ ദൃശ്യങ്ങൾ പുറത്ത്. ഗുജറാത്തിലെ അഹമ്മദാബാദിലെ മണിപ്പൂർ ഗ്രാമത്തിലാണ് സംഭവം. വെയർഹൗസുകളും റോഡുകളും പൂർണമായി വെള്ളത്തിനടിയിലായതോടെ ഗ്രാമത്തിലേക്കുള്ള ഗതാഗത ബന്ധം പൂർണമായി വിച്ഛേദിക്കപ്പെട്ട നിലയിലായിരുന്നു.
ഗ്രാമത്തിലെ റെയിൽവേ അണ്ടർപാസിൽ അരപ്പൊക്കത്തിൽ വെള്ളം കെട്ടിക്കിടന്നതിനാൽ വിളിച്ചുവരുത്തിയ ആംബുലൻസിന് ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. തുടർന്ന് അണ്ടർപാസിന് അപ്പുറം കിടന്ന ആംബുലൻസിന് അടുത്തേക്ക് രോഗിയുടെ അവസ്ഥ കൂടുതൽ വഷളാകാതിരിക്കാൻ ബന്ധുക്കൾ തോളിലേറ്റിക്കൊണ്ട് മലിനജലവും വെള്ളക്കെട്ടും നിറഞ്ഞ റോഡിലൂടെ നടക്കുകയായിരുന്നു.
മുട്ടറ്റത്തോളം വെള്ളത്തിലൂടെ സാഹസികമായി രോഗിയുമായി കുടുംബം നടക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെയും ഓടകളുടെയും നിർമാണത്തിൽ വലിയ വീഴ്ച വരുത്തിയ പ്രാദേശിക ഭരണകൂടത്തിനും സർക്കാരിനുമെതിരെ വലിയ പ്രതിഷേധമാണ് ഓൺലൈനിൽ ഉയരുന്നത്. മഴക്കാലത്ത് നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
