മഹാരാഷ്ട്രയിലെ താഡോബ-അന്ധാരി ടൈഗർ റിസർവറ്ററിയിൽ നിന്നും മനസ്സ് നിറയ്ക്കുന്നൊരു കാഴ്ച സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ്. താഡോബയിലെ ചെളിനിറഞ്ഞ ചെറിയ കുളത്തിൽ കടുവാക്കുട്ടികൾ വെള്ളത്തിൽ കളിച്ചുല്ലസിക്കുമ്പോൾ, കരയിലിരുന്ന് കുഞ്ഞുങ്ങൾക്ക് ജാഗ്രതയോടെ കാവൽ നിൽക്കുന്ന അമ്മക്കടുവയുടെ ദൃശ്യങ്ങളാണ് ജനപ്രീതി നേടുന്നത്.
താഡോബയിലെ ജീവനക്കാരനായ രാഹുൽ മംഗം ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ ദൃശ്യങ്ങൾ ആദ്യം പുറത്തുവിട്ടത്. നാലോ അഞ്ചോ വരുന്ന കടുവാക്കുട്ടികൾ ചൂട അകറ്റാനായി കുളത്തിലെ വെള്ളത്തിൽ വീണുകിടക്കുന്നതും കളിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. കുഞ്ഞുങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താൻ തൊട്ടടുത്തുള്ള കരയിൽ അമ്മക്കടുവ ശ്രദ്ധയോടെ നോക്കിയിരിക്കുന്നുണ്ട്. പിന്നീട് വെള്ളം കുടിക്കാനും കുഞ്ഞുങ്ങളെ നിരീക്ഷിക്കാനുമായി അമ്മക്കടുവ കുളത്തിലേക്ക് അടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
മുതിർന്ന റിട്ടയേർഡ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ഈ ദൃശ്യങ്ങൾ ‘എക്സ്’ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചതോടെയാണ് സംഭവം കൂടുതൽ വൈറലായത്. “ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച പൂൾ പാർട്ടി! അത് ജാഗ്രതയുള്ള അമ്മയുടെ കരുതലിന് കീഴിലാണ് നടക്കുന്നത്,” എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
കാട്ടിലെ അപൂർവ്വവും സുന്ദരവുമായ ഈ കുടുംബചിത്രം കണ്ട നിരവധി ആളുകളാണ് ദൃശ്യങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്. “കാഴ്ചയിൽ വളരെ മനോഹരമായ ഒരു പൂൾ പാർട്ടി,” എന്നാണ് പലരും കുറിച്ചത്. കുഞ്ഞുങ്ങൾക്ക് ഇത് വെറുമൊരു കളിസമയമാണെങ്കിലും, അമ്മക്കടുവയ്ക്ക് അത് ജാഗ്രത നിറഞ്ഞ നിരീക്ഷണ സമയം കൂടിയാണെന്ന് ഈ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
