ഒരു വർഷത്തിനുള്ളിൽ തിയറ്ററുകളിൽ പോയി 1,207 സിനിമകൾ കണ്ട് അപൂർവ്വ ഗിന്നസ് വേൾഡ് റിക്കാർഡ് സ്വന്തമാക്കി അമേരിക്കൻ സ്വദേശി. പെൻസിൽവാനിയയിൽ നിന്നുള്ള 60 വയസുകാരനായ വിരമിച്ച ടാക്സ് ഓഫീസർ ഗ്ലെൻവുഡ് ഹോസ്കിൻ ജൂനിയറാണ് ഈ നേട്ടം കൈവരിച്ചത്. ശരാശരി പ്രതിദിനം മൂന്നിലധികം സിനിമകളാണ് ഇദ്ദേഹം തിയറ്ററിലിരുന്ന് കണ്ടത്.
പെൻസിൽവാനിയയിലെ യോർക്ക് ഹാവനിലുള്ള റീഗൽ സിനിമാസിലായിരുന്നു അദ്ദേഹം സമയം ഏറെയും ചെലവഴിച്ചത്. 2025 മാർച്ച് 31ന് പൂർത്തിയായ ഈ ശ്രമത്തിലൂടെ, മുൻപ് സെക്കാറിയ സ്വോപ്പ് എന്ന അമേരിക്കക്കാരൻ സ്ഥാപിച്ച 777 സിനിമകൾ എന്ന റിക്കാർഡാണ് ഗ്ലെൻവുഡ് തകർത്തത്.
സിനിമാ പ്രേമിയായ ഗ്ലെൻവുഡ്, തിയറ്ററുകളിലെ പ്രദർശന സമയങ്ങൾ മുൻകൂട്ടി കൃത്യമായി പ്ലാൻ ചെയ്താണ് സിനിമകൾ കണ്ടിരുന്നത്. പലപ്പോഴും രാവിലത്തെ ആദ്യ ഷോ മുതൽ അർദ്ധരാത്രി വരെയുള്ള പ്രദർശനങ്ങൾ ഇദ്ദേഹം തുടർച്ചയായി കണ്ടു.
മഞ്ഞുകാലത്ത് ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ടായതിനാൽ തണുപ്പുകാലം ആരംഭിക്കുന്നതിന് മുൻപ് റിക്കാർഡ് മറികടക്കാനായിരുന്നു അദ്ദേഹം ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ തണുപ്പുകാലത്ത് കഠിനമായ മഞ്ഞുവീഴ്ചയില്ലാത്തത് അദ്ദേഹത്തിന് കൂടുതൽ സിനിമകൾ കാണാൻ തുണയായി.
നൂറുകണക്കിന് സിനിമകൾ കണ്ടതിൽ അനിമേഷൻ ചിത്രങ്ങളും കോമഡി സിനിമകളുമായിരുന്നു ഗ്ലെൻവുഡിന് ഏറ്റവും പ്രിയപ്പെട്ടവ. ‘ദി വൈൽഡ് റോബോട്ട് (2024)’, ‘ഡെഡ്പൂൾ & വോൾവറിൻ (2024)’ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ചിത്രങ്ങൾ. മറ്റു പ്രേക്ഷകർക്കൊപ്പം തിയറ്ററിലിരുന്ന് ചിരിച്ചും ആസ്വദിച്ചും സിനിമ കാണുന്നത് പ്രത്യേക അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ സിനിമകൾ കാണാൻ സൗകര്യപ്രദമായ രീതിയിൽ ദൈർഘ്യം കുറഞ്ഞ ചിത്രങ്ങൾ കണ്ടെത്തി നൽകാൻ തിയറ്റർ ജീവനക്കാരും മാനേജർമാരും സഹായിച്ചിരുന്നു.
1,207 സിനിമകൾ കണ്ടെങ്കിലും ഇതിനായി ഭീമമായ തുക ചെലവഴിക്കേണ്ടി വന്നില്ല എന്നതാണ് കൗതുകകരം. റീഗൽ തിയറ്ററിന്റെ പ്രതിമാസം 28 ഡോളർ (ഏകദേശം 21 പൗണ്ട്) നിരക്കുള്ള ‘റീഗൽ അൺലിമിറ്റഡ്’ അൺലിമിറ്റഡ് സബ്സ്ക്രിപ്ഷൻ പ്ലാനാണ് ഇദ്ദേഹം ഉപയോഗപ്പെടുത്തിയത്.
ചെലവുകൾ നിയന്ത്രിക്കാനായി ഭക്ഷണവും ലഘുഭക്ഷണങ്ങളും വീട്ടിൽ തന്നെ തയ്യാറാക്കി കൊണ്ടുവന്നു. സിനിമകൾ തമ്മിലുള്ള ഇടവേളകളിൽ തിയറ്റർ വളപ്പിലൂടെ നടന്ന് വ്യായാമം ചെയ്യാനും അദ്ദേഹം സമയം കണ്ടെത്തി. റെക്കോർഡ് നേട്ടത്തിനപ്പുറം, ഈ അനുഭവം സന്തോഷകരമായ ഒരു ദിനചര്യയും പുതിയ സൗഹൃദങ്ങളും നൽകിയതായി ഗ്ലെൻവുഡ് കൂട്ടിച്ചേർത്തു.
