ടാക്സി വേയിലൂടെ വിമാനം നീങ്ങിക്കൊണ്ടിരിക്കെ യാത്രക്കാർ എഴുന്നേറ്റുനിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ എയർ ഇന്ത്യ എക്സ്പ്രസിനെതിരെ സുരക്ഷാ ആശങ്ക ഉയരുന്നു. വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ അമിതാവ ദാസ് എന്ന യാത്രക്കാരൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
എയർ ഇന്ത്യ എക്സ്പ്രസിന്റെ IX 1236 നമ്പർ വിമാനത്തിലാണ് ഈ അസാധാരണ സംഭവം നടന്നത്. വിമാനം റൺവേയിലൂടെ നീങ്ങുമ്പോൾ നിരവധി യാത്രക്കാർ സീറ്റുകളിൽ നിന്ന് എഴുന്നേറ്റുനിൽക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. “വിമാനം ഓടിക്കൊണ്ടിരിക്കുമ്പോഴും യാത്രക്കാർ എഴുന്നേറ്റുനിൽക്കുകയാണ്. എയർ ഇന്ത്യ എക്സ്പ്രസിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ എന്താണ്?” എന്ന ചോദ്യത്തോടെയാണ് അമിതാവ ദാസ് വീഡിയോ പങ്കുവെച്ചത്.
സംഭവം വിവാദമായതോടെ വിഷയത്തിൽ പ്രതികരണവുമായി എയർ ഇന്ത്യ എക്സ്പ്രസ് രംഗത്തെത്തി. ഉണ്ടായ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച കമ്പനി, യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും എല്ലാ ഗതാഗത നിയമങ്ങളും സുരക്ഷാ ചട്ടങ്ങളും പാലിച്ചാണ് വിമാനം സർവീസ് നടത്തുന്നതെന്നും വ്യക്തമാക്കി. വിമാനത്തിനുള്ളിലെ ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ ക്രൂ അംഗങ്ങൾക്ക് കൃത്യമായ പരിശീലനം നൽകിയിട്ടുണ്ടെന്നും എയർലൈൻ കൂട്ടിച്ചേർത്തു.
അതേസമയം, സംഭവത്തിൽ യാത്രക്കാരുടെ ഭാഗത്തുനിന്നുണ്ടായ അച്ചടക്കമില്ലായ്മയെയും സിവിക് സെൻസില്ലായ്മയെയും വിമർശിച്ച് നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. വിമാന ജീവനക്കാരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ യാത്രക്കാർ ബാധ്യസ്ഥരാണെന്നും ഇത്തരത്തിലുള്ള അപകടകരമായ പെരുമാറ്റം ഒഴിവാക്കണമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.
