ഗതാഗത നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തികൊണ്ട് ഇരുചക്ര വാഹനത്തിന് പിന്നിൽ ഘടിപ്പിച്ച ഇരുമ്പ് കൂട്ടിൽ കുട്ടികളെ ഇരുത്തി അപകടകരമായ രീതിയിൽ യാത്ര ചെയ്ത സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. കർണാടകയിലെ മൈസൂരു-നഞ്ചൻഗുഡ് റോഡിലാണ് സംഭവം.
ടിവിഎസ് എക്സ്എൽ സ്കൂട്ടറിനു പിന്നിൽ പ്രത്യേകമായി നിർമിച്ച കമ്പിവല കൂട്ടിലാണ് അഞ്ച് കുട്ടികളെ ഇരുത്തിയിരുന്നത്. കൂടാതെ, ബൈക്ക് ഓടിച്ചിരുന്ന ആളുടെ മുന്നിലായി മറ്റൊരു കുട്ടിയും ഇരിപ്പുണ്ടായിരുന്നു. ഹെൽമറ്റ് ധരിച്ചാണ് ബൈക്ക് യാത്രക്കാരൻ വാഹനം ഓടിച്ചിരുന്നതെങ്കിലും, കുട്ടികൾക്ക് യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ഉണ്ടായിരുന്നില്ല.
‘സനാതൻ കന്നഡ’ എന്ന എക്സ് ഹാൻഡിലാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. വാരാന്ത്യമായ ഞായറാഴ്ച വൈകുന്നേരം തിരക്കേറിയ ഊട്ടി പ്രധാന പാതയിലായിരുന്നു ഈ ജീവൻപണയം വെച്ചുള്ള യാത്ര. ‘കോഴികളെ കൊണ്ടുപോകുന്നതു പോലെയാണ് കുട്ടികളെ വാഹനത്തിൽ ഇരുത്തിയിരിക്കുന്നത്’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള അമർഷമാണ് പൊതുജനങ്ങളിൽ നിന്നും ഉയരുന്നത്. റൈഡർ ഉൾപ്പെടെ രണ്ടുപേർക്ക് മാത്രം യാത്ര ചെയ്യാൻ അനുമതിയുള്ള വാഹനത്തിൽ ഇത്തരത്തിൽ കുട്ടികളുടെ ജീവൻ വച്ച് പന്താടുന്നത് കർശനമായി തടയണമെന്നും, ഇയാൾക്കെതിരെ ഗതാഗത വകുപ്പും പോലീസും ശക്തമായ നടപടി സ്വീകരിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു. സംഭവത്തിൽ അധികൃതരുടെ ഭാഗത്തുനിന്നും എന്ത് നടപടിയാണ് ഉണ്ടായതെന്ന് വ്യക്തമല്ല.
