തൃശൂര്‍: ബ്ലൂടൂത്ത് സ്പീക്കര്‍ തിരികെ ചോദിച്ചതിനെ തുടര്‍ന്ന് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേരെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പാപ്പിനിവട്ടം കളരിപ്പറമ്പ് കറുത്ത വീട്ടില്‍ രാംവിലാസ് പിടിയിൽ.
കളരിപറമ്പ് കുന്നത്ത് വീട്ടില്‍ സലീഷ്, ഭാര്യ, പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്മക്കള് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ജൂലൈ 24ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കുട്ടികള്‍ക്ക് ഡാന്‍സ് കളിക്കാനായി നല്‍കിയിരുന്ന ബ്ലൂടൂത്ത് സ്പീക്കര്‍ രാംവിലാസ് തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് അക്രമണത്തില്‍ കലാശിച്ചത്.
സലീഷിനെ മർദിക്കുന്നതിനിടെ തടയാനെത്തിയ ഭാര്യയെയും കുട്ടികളെയും പ്രതി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് എല്ലാവരെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ദേഹത്തേക്ക് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ പ്രതിയെ എറണാകുളത്ത് നിന്നാണ് പൊലിസ് പിടികൂടിയത്.
