രാജസ്ഥാനിലെ ജയ്പൂരിൽ ക്ഷേത്രത്തിലെ ലൗഡ്സ്പീക്കർ ശബ്ദത്തെച്ചൊല്ലിയുണ്ടായ തർക്കം ഒടുവിൽ അക്രമത്തിൽ കലാശിച്ചു. സന്ധ്യാ പൂജയിൽ ഏർപ്പെട്ടിരുന്ന 63 വയസുള്ള രാമകൃഷ്ണൻ എന്ന പൂജാരിക്ക് നേരെയാണ് അതിക്രൂരമായ ആക്രമണമുണ്ടായത്. സെപ്റ്റംബർ 25ന് വൈകുന്നേരം പ്രദേശത്തെ ഒരു ശിവക്ഷേത്രത്തിലാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ വൻ അമർഷമാണ് പ്രദേശത്ത് ഉയർന്നിരിക്കുന്നത്.
ക്ഷേത്രത്തിന് എതിർവശത്ത് താമസിക്കുന്ന യുവാവ് ലൗഡ്സ്പീക്കറിലെ അമിത ശബ്ദത്തെച്ചൊല്ലി പൂജാരിയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. വാഗ്വാദം രൂക്ഷമായതോടെ യുവാവ് പൂജാരിയെ ആക്രമിക്കുകയായിരുന്നു.
തർക്കത്തിനിടെ പൂജാരി തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും യുവാവ് ഇയാളെ നിലത്തുതള്ളിയിടുകയും ക്രൂരമായി മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തു. കൈയേറ്റത്തിനിടെ പൂജാരിയുടെ വസ്ത്രങ്ങളും കീറിപ്പോയി. തുടർന്ന് പരിസരത്തുണ്ടായിരുന്നവർ ഓടിയെത്തിയാണ് പൂജാരിയെ രക്ഷപ്പെടുത്തിയത്.
അക്രമത്തിൽ ഭയന്നുപോയ 63കാരനായ പൂജാരി ഉടൻതന്നെ പോലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവത്തിൽ വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ യുവാവിനെയും പിതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
