ഓരോ കൊച്ചുകൊച്ചു യാത്രകളും ചിലപ്പോൾ ചരിത്രത്തിന്റെ മനോഹരമായ ഏടുകളായി മാറാറുണ്ട്. ഡൽഹി മെട്രോയുടെ സുപരിചിതമായ ശബ്ദത്തിന് ഉടമയും മുൻ വാർത്താ അവതാരകനുമായ ഷമ്മി നാരംഗിനും അത്തരമൊരു നിമിഷത്തിനാണ് ഡൽഹി മെട്രോ അടുത്തിടെ സാക്ഷ്യം വഹിച്ചത്.
തന്റെ കൊച്ചുമകൻ റുഷാന്റെ ആദ്യ മെട്രോ യാത്രയുടെ ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.
യല്ലോ ലൈൻ മെട്രോ ട്രെയിനിൽ മുത്തശ്ശൻ ഷമ്മി നാരംഗിന്റെ മടിയിലിരുന്ന് യാത്ര ചെയ്യുന്ന കൊച്ചുമകൻ റുഷാനെ വീഡിയോയിൽ കാണാം. ട്രെയിനിലെ അനൗൺസ്മെന്റ് സ്പീക്കറിലൂടെ കേട്ടപ്പോൾ വീട്ടിൽ കേട്ട് ശീലിച്ച മുത്തശ്ശന്റെ ശബ്ദം വേറൊരു സ്ഥലത്തുനിന്നും കേൾക്കുന്നതിന്റെ ആകാംക്ഷയിലും അമ്പരപ്പിലുമായിരുന്നു കുട്ടി.
“ഞാൻ ഈ മെട്രോകളിൽ എപ്പോഴും യാത്ര ചെയ്തേക്കില്ല, എന്നാൽ എന്റെ ശബ്ദം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് യാത്ര ചെയ്യും എന്നറിയുന്നതിൽ എനിക്ക് വലിയ അഭിമാനമുണ്ട്- ഷമ്മി നാരംഗ്
വീഡിയോയുടെ അവസാനം ഷമ്മി നാരംഗ് തന്നെ പ്രശസ്തമായ “അഗ്ല സ്റ്റേഷൻ സുൽത്താൻപൂർ”(അടുത്ത സ്റ്റേഷൻ സുൽത്താൻപൂർ) എന്ന അനൗൺസ്മെന്റ് നേരിട്ട് പറയുന്നതും കാണാം.
എക്സിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനകം നാൽപ്പതിനായിരത്തോളം ആളുകളാണ് കണ്ടത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ ആശംസകളും സ്നേഹവും അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്.
റുഷാന് ഇത് വെറുമൊരു ആദ്യ മെട്രോ യാത്രയായിരുന്നെങ്കിൽ, ഷമ്മി നാരംഗിന് അത് തന്റെ ശബ്ദം വരുംതലമുറകളിലേക്കും അമരമായി നിലനിൽക്കുമെന്നതിന്റെ മനോഹരമായ ഓർമപ്പെടുത്തലായി മാറി.
