പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിനുള്ളിൽ ഒളിച്ചിരുന്ന എട്ടടി നീളമുള്ള കൂറ്റൻ പാമ്പിനെ രക്ഷപ്പെടുത്തി. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലാണ് പ്രദേശവാസികളെയും യാത്രക്കാരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ സംഭവം.
സ്കൂട്ടറിനുള്ളിൽ പാമ്പ് കയറിക്കൂടിയത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ വിവരം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. പാമ്പ് വാഹനത്തിനുള്ളിൽ ഒളിച്ചിരിക്കുന്നത് കണ്ട് ആരും അടുത്തേക്ക് പോകാൻ തയ്യാറായില്ല. തുടർന്ന് സനേക്ക് കാച്ചറെയും വനംവകുപ്പ് സംഘത്തെയും വിവരമറിയിച്ചു.
“മഴക്കാലത്ത് നനഞ്ഞ അന്തരീക്ഷത്തിൽ നിന്ന് തണുപ്പകറ്റാൻ ഉണങ്ങിയതും ചൂടുള്ളതുമായ സുരക്ഷിത ഇടങ്ങൾ തെരഞ്ഞാണ് പാമ്പുകൾ വാഹനങ്ങൾക്കുള്ളിലേക്ക് കയറിക്കൂടുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ വനംവകുപ്പ് സംഘവും പാമ്പുപിടുത്തക്കാരനും ചേർന്ന് പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തു. പിന്നീട് ഇതിനെ സമീപത്തെ ഉൾക്കാട്ടിലേക്ക് തുറന്നുവിട്ടു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
