തിരുവനന്തപുരം: പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയെ മാറ്റിയത് തെറ്റ് തിരുത്തലിന്റെ ഭാഗമെന്ന് എം.വി.ഗോവിന്ദൻ. തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനും ക്ഷണിക്കേണ്ടവരെ ക്ഷണിക്കാനുമാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ വിളിച്ചു ചേർക്കുന്നത്. സുരേഷ് ബാബുവിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചിട്ടില്ല.
ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് സുരേഷ് ബാബു ഒഴിഞ്ഞത് പൂർണമായും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി. സംഘടനാപരമായ മാറ്റങ്ങളെ പരാതിയുമായി കൂട്ടിക്കുഴയ്ക്കേണ്ട ആവശ്യമില്ല. നടപടികളിൽ പാർട്ടിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. തിരുത്തേണ്ടത് മുഴുവൻ പാർട്ടി തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സുരേഷ് ബാബുവിനെതിരെ കൂടുതൽ കടുത്ത അച്ചടക്ക നടപടി എടുക്കാൻ സിപിഎം ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. സുരേഷ് ബാബുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതടക്കം നേതൃത്വം പരിഗണിക്കും. വിപുലീകൃത ജില്ലാ കമ്മിറ്റികൾക്ക് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരിക്കും തീരുമാനമെടുക്കുക.
സുരേഷ് ബാബുവിനെതിരെ ശക്തമായ ഡിജിറ്റൽ തെളിവുകളോടെയാണ് യുവതി നേതൃത്വത്തിന് പരാതി നൽകിയത്. പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ചാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. ഇത് പരാതിയുടെ ഗൗരവം കൂട്ടുന്നതായാണ് നേതൃത്വത്തി വിലയിരുത്തൽ.
