ഡിനോയ് പൗലോസ് തിരക്കഥയെഴുതി ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ റൊമാന്റിക് കോമഡി ചിത്രമാണ് ‘ഹലോ ഡിയർ’. സംഗീത് പ്രതാപ്, മമിതാ ബൈജു എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പുത്തൻ തലമുറയിലെ ഏറെ ശ്രദ്ധേയരായ സംഗീത് പ്രതാപ്, മമിതാ ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന ‘ഹലോ ഡിയർ’ ലോകമെമ്പാടും 2027 ജനുവരി 29ന് എത്തുന്നു ഡിനോയ് പൗലോസ് തിരക്കഥ രചിച്ചു ആദ്യമായി സംവിധാനം ചെയ്യുന്നു. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമതു ചിത്രം കൂടിയാണിത്.
തണ്ണീർമത്തൻ ദിനങ്ങൾ, മെജോ ,പത്രോസിന്റെ പടവുകൾ എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിക്കുകയും ഈ ചിത്രങ്ങളിലെല്ലാം പ്രധാന വേഷങ്ങളിലഭിനയിക്കുകയും ചെയ്തു കൊണ്ട് ഏറെ ശ്രദ്ധേയനാണ് ഡിനോയ്പൗലോസ്. പൂർണ്ണമായും റൊമാന്റിക്ക് കോമഡി ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം. മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണമായും യൂത്തിന്റെ കാഴ്ച്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കുമിത്.
സംഗീത് പ്രതാപ് , മമിതാ ബൈജു, എന്നിവർക്കു പുറമേ സുരേഷ് കൃഷ്ണയും പ്രധാന വേഷത്തിലെത്തുന്നു. ഛായാഗ്രഹണം – അഖിൽ ജോർജ്. എഡിറ്റിങ് – ചമൻ ചാക്കോ. കലാ സംവിധാനം – നിമിഷ് എം. താനൂർ. മേക്കപ്പ് – റോണക്സ് സേവ്യർ. കൊച്ചിയിൽ ചിത്രീകരണം പൂർത്തിയാക്കുന്ന ഈ ചിത്രം സെൻട്രൽ പിക്ച്ചേർസ് പ്രദർശനത്തിനെത്തിക്കുന്നു.
