ന്യൂഡൽഹി: സിജെപി നേതാക്കളെ അറസ്റ്റ് ചെയ്തത് ക്രമസമാധാന പാലനത്തിനായുള്ള മുൻകരുതൽ നടപടിയുടെ ഭാഗമാണെന്ന് ഡൽഹി പോലിസ്. അറസ്റ്റിലായ നേതാക്കളെ ആവശ്യമായ എല്ലാ നിയമനടപടികളും പൂർത്തിയാക്കിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയതെന്നും ഉപാധികളോടെയാണ് ജാമ്യം ലഭിച്ചതെന്നും പോലീസ് അറിയിച്ചു.
അതേസമയം, കരുതൽ തടങ്കലിന് ശേഷം സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെ ഡൽഹി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി മോചിപ്പിച്ചു. സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കിയ നേതാക്കളെ, പൊതുസമാധാനം പാലിക്കുമെന്ന ഉറപ്പിലും 50,000 രൂപയുടെ ജാമ്യ വ്യവസ്ഥയിലുമാണ് മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടത്.
ഒക്ടോബർ 10-ന് ദില്ലി വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ഉടൻ തന്നെ മൂന്ന് സിജെപി നേതാക്കളെയും പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിശ്ചയിച്ചിരുന്ന ജനാധിപത്യ പ്രതിഷേധങ്ങളിൽ പങ്കാളികളാകുന്നത് തടയാനായിരുന്നു നടപടി.
