ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ മനുഷ്യനായ നീൽ ആംസ്ട്രോങ്ങിന്റെ യുഎസിലെ ഒഹായോയിലുള്ള ബാല്യകാല വസതി ചരിത്ര സ്മാരകമായി സംരക്ഷിക്കാൻ നടപടി. വീട് വില്പനയ്ക്ക് വെച്ച വിവരമറിഞ്ഞ്, വിരമിച്ച ഒരു വ്യോമസേനാ പൈലറ്റ് വീട് വാങ്ങാനായി 4,00,000 ഡോളർ (ഏകദേശം 3.3 കോടിയോളം രൂപ) സംഭാവന നൽകിയതോടെയാണ് ഈ ചരിത്രവസ്തു സംരക്ഷിക്കപ്പെടുന്നത്.
ടെക്സസ് സ്വദേശിയായ കെൻ ഷ്രൈബർ എന്ന വിരമിച്ച എയർഫോഴ്സ് പൈലറ്റാണ് ഈ തുക മുഴുവനായി നൽകിയത്. 1969ൽ ഒൻപതാം വയസിൽ നീൽ ആംസ്ട്രോങ്ങ് ചന്ദ്രനിൽ ഇറങ്ങുന്നത് തത്സമയം കണ്ട അനുഭവമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഓഗ്ലെയ്സ് കൗണ്ടി ഹിസ്റ്റോറിക്കൽ സൊസൈറ്റി ഈ തുക ഉപയോഗിച്ച് ഒക്ടോബർ 19, 2026ന് വീടിന്റെ രജിസ്ട്രേഷൻ പൂർത്തിയാക്കി.
1944ലാണ് ആംസ്ട്രോങ്ങിന്റെ കുടുംബം ഒഹായോയിലെ വാപാകോനെറ്റയിലുള്ള ഈ വീട് വാങ്ങുന്നത്. ഈ വീടിന്റെ ഡൈനിംഗ് റൂമിൽ വെച്ചാണ് കുഞ്ഞിലെ ആംസ്ട്രോങ്ങ് മാതൃകാ വിമാനങ്ങൾ നിർമിച്ചിരുന്നത്. വീടിന്റെ ബേസ്മെന്റിൽ വിമാനങ്ങളുടെ ഡിസൈനുകൾ പരീക്ഷിക്കാനായി അദ്ദേഹം സ്വന്തമായി ഒരു ‘വിൻഡ് ടണൽ’ ഉണ്ടാക്കിയിരുന്നു. 16-ാം വയസിൽ പൈലറ്റ് ലൈസൻസ് നേടിയ ആംസ്ട്രോങ്ങ് 1969 ജൂലൈ 20നാണ് അപ്പോളോ 11 ദൗത്യത്തിലൂടെ ചന്ദ്രനിലിറങ്ങി ചരിത്രം കുറിച്ചത്.
ഈ ചരിത്രപരമായ വീട് 1940കളിലെ പഴയ രൂപത്തിലേക്ക് പുനരുദ്ധരിച്ച് മൂന്ന് വർഷത്തിനുള്ളിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാണ് ഹിസ്റ്റോറിക്കൽ സൊസൈറ്റി ലക്ഷ്യമിടുന്നത്. 1988 മുതൽ ഈ വീട് സൂക്ഷിച്ചിരുന്ന മുൻ ഉടമയായ ചരിത്ര അധ്യാപിക കരെൻ മൈക്സെൽ, ബസ് ഓൾഡ്രിൻ അടക്കമുള്ള 9 ബഹിരാകാശ സഞ്ചാരികളെ ഈ വീട്ടിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.
