കാൽനടയാത്രക്കാർക്കുള്ള ഫൂട്ട്പാത്തിലൂടെ ബൈക്കോടിച്ചു വന്ന് ഹോൺ മുഴക്കിയവർക്ക് വഴിമാറാതെ, തങ്ങളുടെ ശാന്തമായ പെരുമാറ്റം കൊണ്ട് മാതൃകയായ ജയ്പൂരിലെ മൂന്ന് യുവാക്കളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. യാതൊരുവിധ വാക്കുതർക്കങ്ങൾക്കും മുതിരാതെ ഇവർ നടത്തിയ നിശബ്ദ പ്രതിരോധത്തിന് വൻ പ്രശംസയാണ് ലഭിക്കുന്നത്.
രാജസ്ഥാനിലെ ടോങ്ക് ഫടക് പുലിയയ്ക്ക് സമീപമാണ് സംഭവം. ഫൂട്ട്പാത്തിലൂടെ വാഹനം ഓടിച്ചെത്തിയ ബൈക്ക് യാത്രികർ നിരന്തരം ഹോൺ മുഴക്കിയിട്ടും, സൂര്യപ്രതാപ് സിംഗ് റാത്തോഡ്, ദിവ്യാംശ് സിംഗ് ഭാട്ടി, ലക്ഷ്യ ചൗധരി എന്നീ മൂന്ന് യുവാക്കളും അല്പം പോലും പരിഭ്രാന്തരാകാതെ തങ്ങളുടെ നടത്തം തുടർന്നു.
ഈ രസകരമായ ദൃശ്യങ്ങൾ വഴിയേ കടന്നുപോയ ഒരു കാറിലെ യാത്രക്കാരനാണ് ക്യാമറയിൽ പകർത്തിയത്. “വളരെ നല്ല കാര്യം, ഈ ഫൂട്ട്പാത്ത് നിങ്ങൾക്കുള്ളത് തന്നെയാണ്” എന്ന് കാറിലിരുന്നയാൾ ആഹ്ലാദത്തോടെ പറയുന്നതും വീഡിയോയിൽ വ്യക്തമാണ്.
കാൽനടയാത്രക്കാരുടെ അവകാശങ്ങൾക്ക് മേൽ കയറുന്ന വാഹനയാത്രികർക്കുള്ള ശക്തമായ സന്ദേശമായാണ് പലരും ഈ വീഡിയോയെ വിലയിരുത്തുന്നത്. അക്രമങ്ങളിലേക്കോ വാക്കേറ്റങ്ങളിലേക്കോ തിരിയാതെ, തങ്ങളുടെ അവകാശം ശാന്തമായി സംരക്ഷിച്ച ഈ യുവാക്കൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ട്രാഫിക്കിൽ നിന്ന് രക്ഷപ്പെടാൻ കാൽനടപ്പാതകൾ കയ്യേറുന്ന പ്രവണതയ്ക്ക് എതിരെ ശക്തമായൊരു പാഠം കൂടിയാണ് ഈ വീഡിയോ നൽകുന്നത്.
