വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമായി 22 കോടിയിലധികം ക്രൈസ്തവ വിശ്വാസികൾ കടുത്ത പീഡനങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും ഇരയാകുന്നതായി അന്താരാഷ്ട്ര കത്തോലിക്ക സന്നദ്ധസംഘടനയായ “എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ (എസിഎൻ). സംഘടന പുറത്തുവിട്ട ‘പീഡിപ്പിക്കപ്പെടുന്നവരും വിസ്മരിക്കപ്പെടുന്നവരും: 2024-2026’ എന്ന സമഗ്ര പഠനറിപ്പോർട്ടിലാണു ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
ആഗോളതലത്തിൽ 41.3 കോടി ക്രൈസ്തവർ കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങൾ നേരിടുമ്പോൾ, പഠനം നടത്തിയ 18 രാജ്യങ്ങളിൽ 55 ശതമാനത്തിലും സ്ഥിതിഗതികൾ മുൻ വർഷങ്ങളേക്കാൾ ദയനീയമായെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പഠനവിധേയമാക്കിയ ഒരു രാജ്യത്തുപോലും സാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടില്ലെന്നതാണ് ഏറ്റവും ആശങ്കാജനകമായ കണ്ടെത്തൽ.
സബ് സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളാണു ക്രൈസ്തവവിരുദ്ധ അക്രമങ്ങളുടെയും തീവ്രവാദത്തിന്റെയും പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നത്.
ഇന്ത്യയിൽ തീവ്ര ഹിന്ദുത്വ പ്രസംഗങ്ങളും പ്രചാരണങ്ങളും ക്രൈസ്തവ സമൂഹത്തിനെതിരേയുള്ള അതിക്രമങ്ങൾ വർധിക്കാൻ കാരണമായതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2025ൽ മാത്രം എഴുനൂറിലധികം അക്രമസംഭവങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ, വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയ കർശനമായ മതപരിവർത്തന നിരോധന നിയമങ്ങളും ക്രൈസ്തവ സമൂഹങ്ങൾക്കിടയിൽ വലിയ ആശങ്കയുയർത്തുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഭൂലോക മൗനമലകളിൽ വീണ്ടും കുരിശുമരണങ്ങൾ
ദീപികയുടെ ഈ മുഖപ്രസംഗം, ലോകത്ത് ഏറ്റവുമധികം മതപീഡനങ്ങൾക്ക് ഇരയാകുന്നത് ക്രൈസ്തവരാണെന്ന് ആവർത്തിക്കുന്ന റിപ്പോർട്ടുകളിൽ പുതിയതിനെക്കുറിച്ചാണ്. നൈജീരിയ മുതൽ ചൈന വഴി ഇന്ത്യയിലുമെത്തിയിരിക്കുന്ന ആ പീഡനങ്ങളിൽ ഏറ്റവുമധികം ചോര പുരണ്ടിരിക്കുന്നത് ഇസ്ലാമിക തീവ്രവാദികളുടെ കൈകളിലാണ്. എന്നിട്ടും കേരളത്തിലുൾപ്പടെ, രാജ്യത്തെ വർഗീയവിരുദ്ധതയുടെ ആയിരക്കണക്കിനു വാർത്തകളിലും മാധ്യമ നിരീക്ഷണങ്ങളിലും രാഷ്ട്രീയ പ്രസംഗങ്ങളിലും ഈ കണക്കുകൾക്കും വസ്തുതകൾക്കും ഒട്ടുമേ ഇടമില്ല. യഥാർഥ മത-മതേതര വിശ്വാസികൾ അറിയണം, മനുഷ്യവംശത്തിൽ ഒരു വിഭാഗം തുടരുന്ന ഗോത്ര-വംശ-മത വെറികളും കൂട്ടക്കൊലകളും അറിഞ്ഞോ അറിയാതെയോ മറച്ചുവയ്ക്കപ്പെടുന്നു എന്ന്.
ലോകത്ത് 22 കോടി ക്രൈസ്തവർ മതപീഡനങ്ങൾക്ക് ഇരയാകുന്നുവെന്നാണ് കത്തോലിക്കാ സഭാ സംഘടനയായ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (എസിഎൻ) 27ന് പ്രസിദ്ധീകരിച്ച 2024-26 റിപ്പോർട്ട്. 41.3 കോടി ക്രൈസ്തവർ അപകടകരമായ സാഹചര്യത്തിൽ ജീവിക്കുന്നു. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര ഗവേഷണസ്ഥാപനമായ പ്യു റിസർച്ച് സെന്റർ ഇതിനുമുന്പ് പുറത്തുവിട്ട ആഗോള മതസ്വാതന്ത്ര്യ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ പീഡനങ്ങളും വേട്ടയാടലുകളും നേരിടുന്ന മതവിഭാഗം ക്രൈസ്തവരാണ്. ഓപ്പൺ ഡോർസ്, എസിഎൻ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ റിപ്പോർട്ടുകൾ പ്രകാരം, ഇസ്ലാമിക തീവ്രവാദ സംഘടനകളാണ് ക്രൈസ്തവപീഡനങ്ങളിൽ മുഖ്യപങ്ക് വഹിക്കുന്നത്. എന്നിട്ടും ‘ഇസ്ലാമോഫോബിയ’ എന്ന വാക്ക് ചൂടപ്പംപോലെ വിറ്റഴിക്കുകയാണ് മതേതര പ്രസ്ഥാനങ്ങൾപോലും. കമ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യങ്ങളായ ഉത്തരകൊറിയയും ചൈനയും പിന്നാലെയുണ്ട്. പ്രധാന ആഗോള മതസ്വാതന്ത്ര്യ റിപ്പോർട്ടുകളിൽ ഇന്ത്യയിൽ ഹിന്ദുത്വയാണ് ബിജെപി സർക്കാരിനു കീഴിൽ ക്രൈസ്തവവേട്ട ഏറ്റെടുത്തിരിക്കുന്നത്.
ആഗോള ടെററിസം ഇൻഡെക്സ് 2026 അനുസരിച്ച്, ഇസ്ലാമിക തീവ്രവാദത്തിന്റെ കേന്ദ്രമാണ് സബ് സഹാറൻ ആഫ്രിക്ക. ക്രൈസ്തവരെ ഏറ്റവുമധികം പീഡിപ്പിക്കുന്ന 10 രാജ്യങ്ങളിൽ ആറും അവിടെയാണ്. ബുർക്കിന ഫാസോ, നൈജർ, നൈജീരിയ, മാലി, സൊമാലിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ. അൽ-ക്വയ്ദ, ബൊക്കോ ഹറാം, ജമാ അത് നുസറത്ത് അൽ ഇസ്ലാം വാൽ മുസ്ലിമിൻ, ഇസ്ലാമിക് സ്റ്റേറ്റ്, ഫുലാനി, മുസ്ലിം ബ്രദർഹുഡ്… എല്ലാം പങ്കിടുന്നത് ശരിയത്തിനെ അടിസ്ഥാനമാക്കിയുള്ള ഇതരമത വിദ്വേഷത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും ആശയമാണ്. കമ്യൂണിസ്റ്റ് ഏകാധിപത്യവും അതിദേശീയതയുമാണ് ക്രൈസ്തവപീഡനത്തിന്റെ മറ്റു കാരണങ്ങൾ. റിപ്പോർട്ടനുസരിച്ച്, ഉത്തരകൊറിയ ക്രൈസ്തവരെ കാണുന്നത് തങ്ങളുടെ രാഷ്ട്രീയ സംവിധാനത്തിനു ഭീഷണിയായ പാശ്ചാത്യ സ്വാധീനമായാണ്. കൈയിലൊരു ബൈബിൾ ഉണ്ടെങ്കിൽ ഉത്തരകൊറിയക്കാർ സ്വന്തം സഹോദരങ്ങളെപ്പോലും അറിയിക്കില്ല. വിവരം പുറത്തറിഞ്ഞാൽ മരണമല്ലെങ്കിൽ നിർബന്ധിത തൊഴിൽപാളയം. 1,90,000 ക്രൈസ്തവർ ജയിലുകളിലുണ്ടെന്നു കരുതപ്പെടുന്നു. ചൈനയിലും സർക്കാരിന്റെ ഭാഗമല്ലാത്ത ക്രൈസ്തവവിശ്വാസം ഒളിവിലാണ്. കമ്യൂണിസവും അഭിപ്രായസ്വാതന്ത്ര്യവും ഒന്നിച്ചു പോകാത്തതിനാൽ അവിടെയും ജയിലുകൾ നിറയുന്നു. പാക്കിസ്ഥാനിൽ പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടികളെ മുസ്ലിംകൾ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുന്നതും ഭീഷണിപ്പെടുത്തി വിവാഹം കഴിക്കുന്നതും പതിവായി. കേസുകൾ കോടതികളിലെത്തിയാലും ശരിയത്ത് പാലിക്കുന്ന മതമൗലികവാദികളായ ന്യായാധിപർ മിക്കവാറും പെൺകുട്ടികളെ തീവ്രവാദികൾക്കൊപ്പം പറഞ്ഞയയ്ക്കും. പശ്ചിമേഷ്യയിലും ക്രൈസ്തവർ നിരന്തരം പീഡനത്തിനിരയാകുന്നു. മോദിയുടെ ഇന്ത്യയെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇന്ത്യയിൽ ഹിന്ദുത്വ വർഗീയതയുടെ വിദ്വേഷപ്രചാരണം സ്ഥിതി ഗുരുതരമാക്കി. കഴിഞ്ഞ വർഷം ക്രൈസ്തവർക്കെതിരേ ഗുരുതരമായ 700 ആക്രമണങ്ങളുണ്ടായി. മതപരിവർത്തന നിരോധനത്തിന്റെ മറപിടിച്ച് വർഗീയവാദികൾ പള്ളികളും സ്ഥാപനങ്ങളും നിരന്തരം ആക്രമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടുകൾക്കപ്പുറമുള്ള ആഗോള വാർത്തകളും ഇസ്ലാമിക തീവ്രവാദത്തിന്റെ തനിനിറം വെളിപ്പെടുത്തുന്നു. ക്രിസ്തുമതത്തിന്റെ ഈറ്റില്ലമായ മിക്ക രാജ്യങ്ങളിലും ഇസ്ലാമിക തീവ്രവാദം പിടിമുറുക്കി. ആയിരങ്ങൾ കൂട്ടക്കൊല ചെയ്യപ്പെട്ടു. പള്ളികളും വീടുകളും ബുൾഡോസറിനിരയാക്കി. ലക്ഷക്കണക്കിനു ക്രൈസ്തവർ പലായനം ചെയ്തു. ശരിയത്ത് ഭരണമില്ലാതിരുന്ന ഇറാക്കിലെ സദ്ദാം ഹുസൈനെ ജോർജ് ബുഷിന്റെ അമേരിക്ക വകവരുത്തിയതോടെ ഇസ്ലാമിക സ്റ്റേറ്റ് ക്രൈസ്തവരെയും മറ്റു ന്യൂനപക്ഷങ്ങളെയും കൂട്ടക്കൊല ചെയ്തു. പെൺകുട്ടികളെ കൂട്ടമാനഭംഗത്തിനിരയാക്കി. യുവതികളെ ചന്തകളിൽ പരസ്യമായി ലേലം ചെയ്തു വിറ്റു. അവരുടെ പുരുഷന്മാരെ വെട്ടിയും കുത്തിയും കഴുത്തറത്തും വെടിവച്ചും കൊന്നു. സിറിയയിലും ഭരണം മാറിയതോടെ അധികാരത്തിലേറിയ തീവ്രവാദികളുടെ മൗനസമ്മതത്തോടെ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുകയാണ്. ലോകം ചെറുവിരൽ അനക്കുന്നില്ല.
ഹമാസ് തീവ്രവാദികളുടെ ആക്രമണത്തെത്തുടർന്ന് ഗാസയിൽ ഇസ്രയേൽ നടത്തിയ യുദ്ധത്തിൽ നിരപരാധികളായ മനുഷ്യർ നാടും വീടും നഷ്ടപ്പെട്ട് പലായനം ചെയ്തത് കേരളത്തിലും വാർത്തയായിരുന്നു. അതേ നാളുകളിലാണ്, അസർബൈജാന്റെ നിയന്ത്രണത്തിലുള്ള നഗോർണോ-കരാബാക് മേഖലയിൽ നൂറ്റാണ്ടുകളായി ജീവിച്ചിരുന്ന 1.25 ലക്ഷം അർമേനിയൻ ക്രൈസ്തവരെ ഇസ്ലാമിക ഭരണകൂടം അർമേനിയയിലേക്ക് ആട്ടിപ്പായിച്ചത്. അവരുടെ വീടുകളും സ്കൂളുകളും പള്ളികളുമെല്ലാം തുർക്കിയുടെ സഹായത്തോടെ ഇസ്ലാമിക ഭരണകൂടം ഇടിച്ചുനിരത്തി. അവർ അസർബൈജാനെതിരേ ഒരു ഭീകരാക്രമണവും നടത്തിയവരല്ല. പക്ഷേ, കേരളത്തിലെ പത്രങ്ങളോ രാഷ്ട്രീയക്കാരോ ബുദ്ധിജീവികളോ എഴുത്തുകാരോ ഒരക്ഷരം ഉരിയാടിയില്ല. നോം ചോംസ്കിയുടെ വാക്കുകൾ ആവർത്തിക്കട്ടെ; “നിങ്ങൾ വർഗീയതയെയും തീവ്രവാദത്തെയും എതിർക്കാനാഗ്രഹിക്കുന്നെങ്കിൽ ആദ്യം അതിൽ പങ്കെടുക്കില്ലെന്നു തീരുമാനിക്കേണ്ടിയിരിക്കുന്നു.”
ഹിന്ദുത്വയുടെ കുരിശുനിർമാണത്തിൽ പങ്കാളികളായതിനാൽ കേരളത്തിലെ ക്രിസ്ത്യൻ വർഗീയവാദികളുടെ ന്യായീകരണങ്ങളിൽ അസ്വാഭാവികതയില്ല. പക്ഷേ, മതേതരസംഘങ്ങളുടെ നിശബ്ദത അവിശ്വസനീയമാണ്. ഗാസയ്ക്കപ്പുറം അവർക്കൊരു മനുഷ്യാവകാശമില്ല; ഹിന്ദുത്വയ്ക്കപ്പുറമൊരു വർഗീയവിരുദ്ധതയുമില്ല. വർഗീയ-തീവ്രവാദ വിരുദ്ധ നിലപാടുകളെല്ലാം ആഗോളതലത്തിൽതന്നെ, നിക്ഷിപ്ത രാഷ്ട്രീയ-സാന്പത്തിക-സൈനിക താത്പര്യങ്ങളനുസരിച്ച് മാറിമറിയുന്നു. അങ്ങനെ ഭൂലോകമധ്യേ അനുദിനം കുരിശുകൾ ഉയരുകയാണ്; കുറ്റകരമായ നിശബ്ദതയുടെ ചൂതുകളി അതിനു മുകളിലും.
പീഡനപർവം താണ്ടി ക്രൈസ്തവർ
സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ അടിച്ചമർത്തലുകളും മതതീവ്രവാദവും ലോകമെമ്പാടുമുള്ള ക്രൈസ്തവസമൂഹങ്ങളെ വലിയ പലായനത്തിലേക്കും ഭീതിയിലേക്കും തള്ളിവിടുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര കത്തോലിക്ക ചാരിറ്റി പ്രസ്ഥാനമായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ (എസിഎൻ) പുറത്തുവിട്ട പുതിയ റിപ്പോർട്ട് ലോകം കാണാതെപോകുന്ന ഒരു വലിയ മനുഷ്യാവകാശ ദുരന്തത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കഴിഞ്ഞ 27ന് പുറത്തുവിട്ട ‘പീഡിപ്പിക്കപ്പെടുന്നവരും വിസ്മരിക്കപ്പെടുന്നവരും: 2024-2026’ ( പെർസിക്യൂട്ടഡ് ആൻഡ് ഫൊർഗോട്ടൻ 2024-2026) എന്ന റിപ്പോർട്ട് പ്രകാരം, പഠനവിധേയമാക്കിയ പകുതിയിലധികം രാജ്യങ്ങളിലും ക്രൈസ്തവർക്കെതിരേയുള്ള അതിക്രമങ്ങൾ മുന്പത്തേക്കാൾ രൂക്ഷമായിട്ടുണ്ട്. ഇതോടെ പരമ്പരാഗതമായി നിലനിൽക്കുന്ന പല ക്രിസ്ത്യൻ സമൂഹങ്ങളുടെയും ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ക്രിസ്ത്യൻ സമൂഹങ്ങൾ നേരിടുന്ന അടിച്ചമർത്തലുകൾ ലോകം അംഗീകരിക്കാൻ വിസമ്മതിക്കുന്ന ഒരു ‘മനുഷ്യാവകാശ ദുരന്തമായി’ തുടരുകയാണെന്ന് എസിഎൻ പ്രസ് ആൻഡ് പബ്ലിക് അഫയേഴ്സ് മേധാവി ജോൺ പോണ്ടിഫെക്സ് ചൂണ്ടിക്കാട്ടി.
ആഗോളതലത്തിൽ 41.3 കോടി ക്രൈസ്തവർ കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങൾ നേരിടുമ്പോൾ, പഠനം നടത്തിയ 18 രാജ്യങ്ങളിൽ 55 ശതമാനത്തിലും സ്ഥിതിഗതികൾ മുൻ വർഷങ്ങളേക്കാൾ ദയനീയമായി. ഒരു രാജ്യത്തുപോലും സ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നതാണു പഠനത്തിന്റെ പ്രധാന കണ്ടെത്തൽ. പാക്കിസ്ഥാനിൽ കൊല്ലപ്പെട്ട ന്യൂനപക്ഷ ക്ഷേമമന്ത്രി ഷഹബാസ് ഭട്ടിയുടെ സഹോദരൻ പീറ്റർ ഭട്ടിയാണ് റിപ്പോർട്ടിന്റെ ആമുഖം എഴുതിയിരിക്കുന്നത്. മതത്തിന്റെ പേരിൽ അടിച്ചമർത്തപ്പെടുന്ന ജനങ്ങൾക്കായി ലോകം എന്തു ചെയ്യാൻ തയാറാണെന്ന് അദ്ദേഹം ചോദിക്കുന്നു.
ഏഷ്യയിലും ലാറ്റിനമേരിക്കയിലും ഭരണകൂട അടിച്ചമർത്തൽ
ഏഷ്യ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ തീവ്ര ദേശീയതയും ഭരണകൂട അടിച്ചമർത്തലുകളുമാണ് വിശ്വാസികൾക്ക് വെല്ലുവിളിയാകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ക്രൈസ്തവ വിശ്വാസത്തെ ഭരണകൂടത്തിനു ഭീഷണിയായി കാണുന്ന ഉത്തരകൊറിയയിൽ ബൈബിൾ കൈവശം വയ്ക്കുന്നതും പ്രാർഥിക്കുന്നതും തടവറയ്ക്കോ വധശിക്ഷയ്ക്കോ കാരണമാകുന്നു. രാജ്യത്തെ തടങ്കൽപ്പാളയങ്ങളിലുള്ള 1,90,000 ആളുകളിൽ ഭൂരിഭാഗവും ക്രൈസ്തവരാണ്.
ചൈനയിൽ ഡിജിറ്റൽ നിരീക്ഷണങ്ങൾ കടുപ്പിച്ചും അനുമതിയില്ലാത്ത പ്രാർഥനകൾ നിരോധിച്ചും മതപരമായ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണമാണുള്ളത്. നിയമങ്ങൾ അനുസരിക്കാത്ത പള്ളികൾ തകർക്കുകയും വിശ്വാസികളെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു.
നിക്കരാഗ്വയിൽ ഡാനിയൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള ഭരണകൂടം സഭയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും വൈദികരെ നാടുകടത്തുകയും ചെയ്യുന്നു. രാജ്യത്തേക്ക് ബൈബിളുമായി പ്രവേശിക്കുന്നതുപോലും ഇവിടെ നിരോധിച്ചിട്ടുണ്ട്.
സിറിയയിൽ തീവ്രവാദ സംഘടനകൾ നാൾക്കുനാൾ ശക്തിപ്രാപിച്ചു വരികയാണ്. ഇവരുടെ പ്രധാന ശത്രുക്കളാകട്ടെ ക്രൈസ്തവരും. അതിനാൽത്തന്നെ രാജ്യത്ത് പള്ളികൾക്കും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും നേരേയുള്ള ആക്രമണങ്ങൾ പതിവായിരിക്കുകയാണ്.
പാക്കിസ്ഥാനിൽ നീതി നിഷേധിക്കപ്പെടുന്നു
പാക്കിസ്ഥാനിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത മതപരിവർത്തനം, നിർബന്ധിത വിവാഹം എന്നിവയാണു പ്രധാന പ്രശ്നങ്ങളായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. പൗരാവകാശ സംരക്ഷണ നിയമങ്ങളേക്കാൾ കൂടുതൽ പ്രാധാന്യം ഇസ്ലാമിക നിയമങ്ങളുടെ ചില വ്യാഖ്യാനങ്ങൾക്കു നൽകിക്കൊണ്ട് കോടതികൾപോലും ചിലപ്പോഴൊക്കെ ഇത്തരം നടപടികൾക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പീഡനങ്ങളുടെ നേർസാക്ഷ്യമായി സോളമൻ അക്കോ
നൈജീരിയയിൽ ഭീകരരുടെ പിടിയിൽനിന്നു രക്ഷപ്പെട്ട 33കാരനായ സോളമൻ അക്കോയുടെ അനുഭവങ്ങൾ എസിഎൻ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വടക്കൻ നൈജീരിയയിലെ സാറിയയ്ക്കു സമീപമുള്ള ഗ്രാമത്തിൽനിന്നാണു തീവ്രവാദികൾ സോളമനെ തട്ടിക്കൊണ്ടുപോയത്. “മതം മാറാൻ അവർ ഞങ്ങളോട് ആവശ്യപ്പെട്ടു. അതു വിസമ്മതിച്ചതോടെ ക്രൂരമായി മർദിക്കാൻ തുടങ്ങി. ഞങ്ങളെ ചാട്ടവാറുകൊണ്ട് അടിക്കുകയും കൈകാലുകൾ കെട്ടിയിട്ട് പൂട്ടുകയും ചെയ്തു. മണിക്കൂറുകളോളം കഴുത്തറ്റം തണുത്ത വെള്ളത്തിൽ മുക്കി നിർത്തി, വിശ്വാസം ഉപേക്ഷിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി”-സോളമൻ വെളിപ്പെടുത്തി.
ബന്ധിയാക്കപ്പെട്ട കാലത്ത് ചങ്ങലകളിൽ കിടക്കുമ്പോഴും പ്രാർഥനയിലൂടെയാണു തങ്ങൾ പിടിച്ചുനിന്നതെന്നു സോളമൻ പറയുന്നു. “ഓരോ രാത്രിയിലും തട്ടിക്കൊണ്ടുപോയവർ ഉറങ്ങുമ്പോൾ ഞങ്ങൾ പ്രാർഥിക്കുമായിരുന്നു. ഞങ്ങൾ ഒറ്റയ്ക്കല്ലെന്നും ദൈവം ഞങ്ങളോടൊപ്പമുണ്ടെന്നും ലോകത്ത് എവിടെയോ ഞങ്ങൾക്കായി പ്രാർഥിക്കുന്ന ആളുകളുണ്ടെന്നും ഞങ്ങൾക്കറിയാമായിരുന്നു. അതാണ് അന്നു സഹിക്കാനുള്ള കരുത്ത് നൽകിയത്; ഇന്ന് ജീവിക്കാൻ കരുത്ത് നൽകുന്നതും അതുതന്നെയാണ്.” -സോളമൻ ആകോ പറഞ്ഞു.
റിപ്പോർട്ടിലെ കണക്കുകൾക്കു പിന്നിൽ മനുഷ്യരുടെ മുഖങ്ങളും കുടുംബങ്ങളുമുണ്ടെന്നും തങ്ങളെ ലോകം മറക്കരുതെന്നാണ് പീഡനം നേരിടുന്ന ഓരോ ക്രൈസ്തവന്റെയും അഭ്യർഥനയെന്നും റിപ്പോർട്ടുകൾ തയാറാക്കിയ സംഘത്തെ നയിച്ച എസിഎൻ ഡയറക്ടർ മാർത്ത പെട്രോസില്ലോ പറഞ്ഞു.
അന്താരാഷ്ട്ര സമൂഹത്തിന്റെ അവഗണന
ക്രൈസ്തവർക്കെതിരേ നടക്കുന്ന അക്രമങ്ങളുടെ ഭീകരതയേക്കാൾ ആശങ്കാജനകമാണ് അന്താരാഷ്ട്രതലത്തിൽ ഇത്തരം സംഭവങ്ങൾക്ക് ലഭിക്കുന്ന കുറഞ്ഞ പരിഗണനയെന്ന് ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ റിപ്പോർട്ട് വ്യക്തമാക്കുന്നു. നൈജീരിയയിലോ സിറിയയിലോ ഒരു പള്ളി അക്രമിക്കപ്പെടുമ്പോൾ അത് വെറുമൊരു വംശീയസംഘർഷമായോ ഭൂമിക്കും ജലത്തിനും വേണ്ടിയുള്ള തർക്കമായോ ഭൗമരാഷ്ട്രീയ അസ്ഥിരതയായോ ചിത്രീകരിക്കാനാണു മാധ്യമങ്ങൾ ശ്രമിക്കുന്നത്.
മതംതന്നെയാണ് ഇതിനു കാരണമെന്ന് അക്രമികളും ഇരകളും വ്യക്തമായി പറയുമ്പോഴും സംഭവങ്ങളുടെ മതപരമായ വശം മൂടിവയ്ക്കപ്പെടുകയാണെന്ന് റിപ്പോർട്ട് വിമർശിക്കുന്നു. ഇത്തരം സമീപനം ന്യൂനപക്ഷങ്ങളായി ജീവിക്കുന്ന ക്രൈസ്തവരുടെ യഥാർഥ അവസ്ഥ ലോകത്തിനുമുന്നിൽ മറച്ചുവയ്ക്കാൻ ഇടയാക്കുന്നു. അതേസമയം, തങ്ങൾ ഒറ്റയ്ക്കല്ലെന്ന വിശ്വാസവും പ്രാർഥനയുമാണ് തങ്ങൾക്കു കരുത്ത് നൽകുന്നതെന്ന് പീഡനങ്ങളെ അതിജീവിച്ചവർ സാക്ഷ്യപ്പെടുത്തുന്നു.
സബ് സഹാറൻ ആഫ്രിക്ക: തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം
സബ് സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളാണു ക്രൈസ്തവ വിരുദ്ധ അക്രമങ്ങളുടെയും തീവ്രവാദത്തിന്റെയും പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നത്. ആഗോള ഭീകരവാദ സൂചികയിൽ ഏറ്റവും കൂടുതൽ ആക്രമണം നേരിടുന്ന പത്തു രാജ്യങ്ങളിൽ ആറെണ്ണവും (ബുർക്കിനാഫാസോ, നൈജർ, നൈജീരിയ, മാലി, സൊമാലിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ) ഈ മേഖലയിലാണ്. നൈജീരിയയിലെ മിഡിൽ ബെൽറ്റിൽ ഫുലാനി തീവ്രവാദികളും വംശീയ ഗ്രൂപ്പുകളും നടത്തുന്ന അതിക്രമങ്ങൾ മൂലം 35 ലക്ഷത്തിലധികം ആളുകൾ ഭവനരഹിതരായി. യെലെവാറ്റയിൽ ഒരൊറ്റ രാത്രികൊണ്ട് മുന്നൂറോളം ക്രൈസ്തവരെയാണ് വെട്ടിയും ജീവനോടെ കത്തിച്ചും കൊലപ്പെടുത്തിയത്.
ബുർക്കിനാ ഫാസോയുടെ 40 ശതമാനത്തോളം ഭാഗം അൽ ക്വയ്ദ ബന്ധമുള്ള ജിഹാദി ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ്. നൂന രൂപതയിൽ അടുത്തിടെ 26 ക്രൈസ്തവയുവാക്കളെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം ഇതിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. മാലിയിലും മൊസാംബിക്കിലും പ്രാർഥനാലയങ്ങൾ തകർക്കുകയും നിർബന്ധിത ആചാരങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു. മൊസാംബിക്കിലെ കാബോ ഡെൽഗാഡോയിൽ 2017 മുതൽ ആയിരത്തിലധികം ക്രൈസ്തവർ കൊല്ലപ്പെടുകയും നിരവധിയാളുകളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു.
ഇന്ത്യയിൽ കഴിഞ്ഞ വർഷം 700ലധികം അതിക്രമങ്ങൾ
ഇന്ത്യയിലും പാക്കിസ്ഥാനിലും സാമൂഹികസൗഹാർദം നേരിടുന്ന പ്രധാന വെല്ലുവിളികൾ മതതീവ്രവാദവും തീവ്രദേശീയതയും മൂലമുണ്ടാകുന്ന അസഹിഷ്ണുതയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിൽ തീവ്ര ഹിന്ദുത്വ പ്രസംഗങ്ങളും പ്രചാരണങ്ങളും ക്രൈസ്തവ സമൂഹത്തിനെതിരേയുള്ള അതിക്രമങ്ങൾ വർധിക്കാൻ കാരണമായതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
2025ൽ മാത്രം എഴുനൂറിലധികം അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ കർശനമായ മതപരിവർത്തന നിരോധന നിയമങ്ങളും ആശങ്കയുയർത്തുന്നുണ്ട്. ക്രിസ്തീയ ആരാധനകൾ തടസപ്പെടുത്തുക, വിശ്വാസികളെ കായികമായി ഉപദ്രവിക്കുക, ക്രിസ്ത്യൻ കുടുംബങ്ങൾക്ക് മരണാനന്തര ചടങ്ങുകൾ നിഷേധിക്കുക തുടങ്ങിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചിലയിടങ്ങളിൽ മൃതദേഹങ്ങൾ കല്ലറകളിൽനിന്ന് പുറത്തെടുക്കാൻപോലും ആളുകൾ നിർബന്ധിതരായി.
