കണ്ണൂർ: മേലെ ചൊവ്വ വാരം മട്ടന്നൂർ റോഡിൽ അനധികൃത തട്ടുകടകൾ, തെരുവ് കച്ചവടങ്ങൾ, അനധികൃത മത്സ്യ വില്പന, റോഡരികിൽ സൂക്ഷിച്ചിട്ടുള്ള ആക്രികൾ എന്നിവ നീക്കം ചെയ്ത് വാഹനഗതാഗതവും പാർക്കിംഗ് സൗകര്യവും ക്രമീകരിക്കുന്നതിന് മേയർ പി. ഇന്ദിരയുടെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയോഗം തീരുമാനിച്ചു.
ഇതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ കോർപറേഷൻ, പൊലിസ്, പിഡബ്ല്യുഡി, ആർടിഒ എന്നിവരുടെ സംയുക്ത സ്പെഷൽ ഡ്രൈവ് നടത്തും. സൂര്യ സിൽക്സ് ചേനോളി ജംഗ്ഷൻ റോഡ് വൺവേ സംവിധാനത്തിലും ക്രമീകരിക്കും. താവക്കര ആശിർവാദ് ഹോസ്പിറ്റൽ റോഡ് ഡ്രെയിനേജ് ക്രോസിംഗ് പ്രവർത്തിക്കു വേണ്ടി താത്കാലികമായി അടച്ചിടുന്നതിനും പ്രവൃത്തി പൂർത്തിയാകുന്നത് വരെ ബിഎസ്എൻഎൽ സർക്കിൾ വരെയുള്ള റോഡ് ടു വേ ആയി ക്രമീകരിക്കുന്നതിനും തീരുമാനിച്ചു.
ഓട്ടോറിക്ഷകളുടെ കെ.സി. നന്പർ വെരിഫിക്കേഷൻ പട്ടികയിൻമേൽ ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് തയാറാക്കാൻ ആർടിഒയെയും റെയിൽവേ പ്രീപെയ്ഡ് ക്രമീകരണം സംബന്ധിച്ച റിപ്പോർട്ടിന് പൊലിസിനെയും ചുമതലപ്പെടുത്തി.
എകെജി ആശുപത്രിക്ക് എതിർവശത്തുള്ള ആംബുലൻസ് പാർക്കിംഗ് ഒഴിവാക്കുന്നതിനും പാർക്കിംഗ് ബോർഡുകൾ നീക്കം ചെയ്യുന്നതിനും ട്രാഫിക് പോലീസിനെ ചുമതലപ്പെടുത്തി. വിഷയത്തിൽ നഗരത്തിലെ ഹോസ്പിറ്റൽ മാനേജ്മെന്റ് പ്രതിനിധികളുടെ യോഗം വിളിച്ചു ചേർക്കാനും തീരുമാനിച്ചു.
ആനയിടുക്ക് ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡ് താണ ജംഗ്ഷനിലുള്ള കിണറിന് സമീപത്തെ ഗുഡ്സ് ടാക്സി സ്റ്റാൻഡിനോട് ചേർന്നുള്ള സ്ഥലത്ത് മാറ്റി സ്ഥാപിക്കും. ഇലക്ട്രിക് ഓട്ടോ സർവീസ്, ടൗൺ പാർക്കിംഗ് സർവീസുകൾ സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ തൊഴിലാളി യൂണിയനുകളുടെ സംയുക്ത യോഗം വിളിച്ചു ചേർക്കും.
ആദികടലായി കുന്നുംകൈ റൂട്ടിൽ രാത്രി സമയത്തെ ഗതാഗത ക്ലേശം കണക്കിലെടുത്ത് രാത്രി 8. 10ന് പ്ലാസ വഴി ആദി കടലായിലേക്ക് ബസ് സർവീസ് സമയം അനുവദിച്ചു നൽകുന്നത് സംബന്ധിച്ച് ആർടിഒ യെ ചുമതലപ്പെടുത്തി.
റെയിൽവേയ്ക്ക് സമീപത്തെ പിഡബ്ല്യുഡി പ്രവൃത്തികളുടെ പൂർത്തീകരണം, ഓടകളുടെ പണി എന്നിവ സംബന്ധിച്ച വിഷയം ചർച്ച ചെയ്യാൻ റെയിൽവേ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.
യോഗത്തിൽ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ റിഷാം താണ, ശ്രീജ മഠത്തിൽ, എസിപി എം.പി.ആസാദ്, ജോയിന്റ് ആർടിഒ കെ.വിനോദ് കുമാർ, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ ടി. പ്രശാന്ത്, ട്രാഫിക് പോലീസ് ഇൻസ്പെക്ടർമാരായ ടി.രമേശൻ, കെ.പി.അബ്ദുൽ നാസർ, കണ്ണൂർ തഹസിൽദാർ എൻ.കെ. രത്നേഷ്, പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ മുഹമ്മദ് മുനാസ് എന്നിവർ പങ്കെടുത്തു.
