കടല്‍പ്പാലം എന്ന സിനിമയില്‍ വീടിന്റെ ഉമ്മറത്തിരുന്ന് ഉറുമാല് തുന്നുന്ന ഖജീദ (അടൂര്‍ ഭവാനി) പാടുന്ന മാപ്പിള പാട്ടാണ്.
“കസ്തൂരി തൈലമിട്ട് മുടിമിനുക്കി
മുത്തോട് മുത്ത് വച്ച വള കിലുക്കി…’
ചിത്രത്തില്‍ ഗീത എന്ന കഥാപാത്രമായി വരുന്ന ജയഭാരതിയും പാട്ടിനൊപ്പം ചേരുന്നുണ്ട്. പലപ്പോഴും സിനിമകളില്‍ ഒരേ ഗായിക തന്നെയാകും വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടിമാര്‍ക്കു വേണ്ടി പാടുന്നത്. ഈ രീതിയോട് യോജിക്കാന്‍ കഴിയാത്ത ദേവരാജന്‍ മാസ്റ്റര്‍ ഖദീജ പാടുന്ന പാട്ട് ശിവജ്ഞാനത്തിനു നല്കാൻ തീരുമാനിക്കുന്നു. (നായിക ഷീലയ്ക്കു വേണ്ടി ഉജ്ജയിനിയിലെ ഗായിക.. പി. ലീലയും, കർഷകർ പാടുന്ന ഇന്നേ പോൽ ഇന്നേ പോൽ…എന്ന യുഗ്മഗാനം പി. സുശീലയും പാടി കഴിഞ്ഞിരുന്നു)
വയലാര്‍-ദേവരാജന്‍ ടീമിന്റെ മാപ്പിള പാട്ട് ശിവജ്ഞാനം അതിമനോഹരമായി പാടുകയും ചെയ്തു. സിനിമ റിലീസ് ചെയ്യുമ്പോള്‍ ഗായികമാരുടെ പേരു ടെറ്റിലായി വയ്ക്കണമല്ലോ. മലയാള സിനിമയിലെ ഗായികയ്ക്കു ചേരുന്ന പേരല്ല ശിവജ്ഞാനം എന്ന് ചിന്തിച്ച ദേവരാജന്‍ മാസ്റ്റര്‍, മധുരമായി പാടുന്ന ഗായികയ്ക്ക് മാധുരി എന്ന പേരു നല്കി.
1943 നവംബര്‍ മൂന്നിന് തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ജനിച്ച ശിവജ്ഞാനത്തെ മലയാളത്തിന്റെ പ്രിയപ്പെട്ട പി. മാധുരിയാക്കി മാറ്റുന്നതും ജി. ദേവരാജന്‍ തന്നെ. മാധുരി എന്ന പേരും ദേവരാജന്‍ മാസ്റ്റര്‍ നല്‍കിയതാണ്. ആദ്യമായി മാധുരി പിന്നണി ഗായികയാകുന്നത് എം.ഒ. ജോസഫ് നിർമിച്ച (മഞ്ഞിലാസ്) കെ.എസ്. സേതുമാധവന്റെ കടല്‍പ്പാലം എന്ന സിനിമയിലാണ്.
പക്ഷേ അതിനു മുന്‍പ് തന്നെ കാട്ടുകുരങ്ങ് എന്ന ചിത്രത്തില്‍ ചെറിയൊരു “ശബ്ദ പ്രവേശം’ നടത്തിയിട്ടുണ്ട് മാധുരി…! മൂക്കുകൊണ്ട് നാഗസ്വര രീതിയിലെ ഒരവതരണം. അധികം ആസ്വാദകര്ക്കറിയാത്ത അക്കാര്യം പറയുന്നത് ദേവരാജന്‍ മാസ്റ്ററിന്റെ പ്രിയപ്പെട്ട മധുവാണ്. മാസ്റ്ററുടെ സന്തത സഹചാരിയായിരുന്ന ബി. മധുസൂദനന് നായര്‍.
1969ല്‍ റിലീസായ രവീന്ദ്രനാഥൻ നായർ നിർമിച്ച്, പി. ഭാസ്കരന് സംവിധാനം ചെയ്ത കാട്ടുകുരങ്ങ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയം. വയലാര്‍-ദേവരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങളായ “അറിയന്നില്ല ഭവാന് അറിയുന്നില്ല…’ “മാറോടണച്ചു ഞാന്‍ ഉറക്കിയിട്ടും…’ എന്നീ ഗാനങ്ങള്‍ പി. സുശീല പാടി റെക്കോര്‍ഡ് ചെയ്ത് കഴിഞ്ഞു.
ഈ സമയത്താണ് ഡല്‍ഹിയില്‍ ആയിരുന്ന ശിവജ്ഞാനം മദ്രാസില്‍ എത്തുന്നത്. (നേരത്തേ മദ്രാസില്‍ നടന്ന ഒരു കലാസന്ധ്യയില്‍ വച്ച് ദേവരാജന്‍ മാസ്റ്ററെ പരിചയപ്പെടുകയും മാസ്റ്റര്‍ പറഞ്ഞതനുസരിച്ച് മലയാളം സംസാരിക്കാനും വായിക്കാനും എഴുതാനും പഠിക്കുകയും ചെയ്തിരുന്നു.)
ഒരു ഗായിക മാത്രമായിരുന്നില്ല ശിവജ്ഞാനം, നാടകങ്ങളിൽ അഭിനയിക്കും, നന്നായി മിമിക്രിയും അവതരിപ്പിക്കും. എസ്. ജാനകി പാടിയ ശിങ്കാര്വേലനൈ ദേവ… വളരെ ഹിറ്റായി മാറിയ കാലമായിരുന്നു അത്. മദ്രാസിൽ വച്ച് ദേവരാജന്‍ മാസ്റ്ററെ കണ്ടപ്പോൾ, മാസ്റ്ററിനു മുന്നില്‍ മൂക്ക് കൊണ്ട് ശിവജ്ഞാനം ശിങ്കാരവേലനൈ ദേവാ…. നാഗസ്വരം വായിക്കുന്ന പോലെ അവതരിപ്പിച്ചു. പാടി ഫലിപ്പിക്കാന്‍ തന്നെ വളരെ പ്രയാസമേറിയ പാട്ടിന്റെ വരികളും പശ്ചാത്തല സംഗീതവും മൂക്കു കൊണ്ട് അവതരിപ്പിക്കുന്ന ഗായികയെ അദ്ഭുതത്തോടെ ജി. ദേവരാജന്‍ നോക്കിയിരുന്നു.
കാട്ടുകുരങ്ങില്‍ ഏതെങ്കിലുമൊരു പാട്ട് നല്കാന് ഇനി കഴിയില്ല, പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തുകഴിഞ്ഞിരിക്കുന്നു… അപ്പോഴാണ് മാസ്റ്റര്‍ക്ക് ഒരു ആശയം തോന്നിയത്. സിനിമയിൽ പ്രഭാകരന്റെ (സത്യൻ) മക്കളെ അമ്പിളി (ജയഭാരതി) കളിപ്പിക്കുന്ന രംഗത്തില്‍ മാധുരിയുടെ മൂക്കു കൊണ്ടുള്ള ശിങ്കാരവേലനെ… ചേര്‍ത്താലോ…? സംവിധായകന് പി. ഭാസ്കരന് ഈ നിര്‍ദേശം സ്വീകരിച്ചു. അങ്ങനെ ശിവജ്ഞാനം ആദ്യമായി സിനിമയ്ക്കു വേണ്ടി മൂക്ക് കൊണ്ട് നാഗസ്വരം അവതരിപ്പിച്ചു. ഒരുപക്ഷേ ലോക സിനിമയില്‍ തന്നെ മറ്റൊരു ഗായികയ്ക്കും ലഭിക്കാത്ത ഒരു അരങ്ങേറ്റം…! മൂക്കു കൊണ്ടുള്ള ഗാനാരംഭം.
ദക്ഷിണേന്ത്യന്‍ ഗായികമാരില്‍ തന്നെ ഏറ്റവും ഹൈപിച്ച് ഉള്ള ഗായികമാരിൽ ഒരാളായ, ഏത് താരസ്വരവും ഇടറാതെ പാടാന്‍ കഴിവുള്ള അതുല്യ ഗായികയായ മാധുരി മൂക്കു കൊണ്ട് “പാടിയാണ്’ സിനിമയിൽ രംഗപ്രവേശം ചെയ്തത്.
സിനിമയിലെ ഈ മിമിക്രി ഗാനത്തിനു മാധുരിക്കു പ്രതിഫലമായി ദേവരാജന്‍ മാസ്റ്റര്‍ നല്‍കിയത് 12 ഗാന ഡിസ്കുകൾ ആണ്.
പ്രിയസഖി ഗംഗേ…, ഇന്നെനിക്കു പൊട്ടു കുത്താന്‍…,
തൃക്കാക്കര പൂ പോരാഞ്ഞ്…, ചക്രവര്‍ത്തിനി…, കല്യാണി കളവാണി…,
ഗന്ധര്‍വ നഗരങ്ങള്‍…
അങ്ങനെ ഇരുന്നൂറിലധികം ചിത്രങ്ങള്‍ക്കു വേണ്ടി മാധുരി പാടിയ ഗാനങ്ങള്‍ക്ക് ഇന്നും മധുരം കിനിഞ്ഞിറങ്ങും. ഏത് റേഞ്ചിലുള്ള, ഭാവത്തിലുള്ള ഗാനവും പാടി മികച്ചതാക്കാന്‍ കഴിവുള്ള ഒരു ഗായിക കൂടിയാണ് മാധുരി.
ഏഴര പൊന്നാന പുറത്തെഴുന്നള്ളും
ഏറ്റുമാനൂരപ്പാ….
എന്ന് ഭക്തിനിര്‍ഭരമായി ആലപിച്ചു മാധുരി. പ്രണയത്തിന്റെ ആര്‍ദ്രതയും, വിരഹത്തിന്റെ വിങ്ങലും മലയാളികളെ അനുഭവിപ്പിച്ചു മാധുരി. ശൃംഗാര രസം ഇത്രയും തീക്ഷ്ണമായി പകര്‍ന്ന് നല്കാന് കഴിയുന്ന മറ്റൊരു ഗായിക വേറെ ഇല്ല എന്ന് മാധുരിയുടെ “പ്രാണനാഥന് എനിക്കു നല്കിയ… ‘എന്ന ഗാനത്തെ എടുത്ത് കാട്ടി ഗാനനിരൂപകന്മാര് പറയുന്നു.
ചെറുപ്പത്തില്‍ തന്നെ ശാസ്ത്രീയ സംഗീതം അഭ്യസിച്ച മാധുരി “ഇന്നെനിക്കു പൊട്ടു കുത്താന്‍…’എന്ന ഗാനം പാടുമ്പോള്‍ സ്വരരാഗങ്ങളുടെ രഥവേഗം അറിയുകയാണ് ആസ്വാദകര്‍. ബി. മധുസൂദനൻ നായർ പറയുന്ന ഒരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കാം. ജി. ദേവരാജൻ വിടവാങ്ങിയ ശേഷം ഒരിക്കൽ കോഴിക്കോട് ദേവരാജൻ മാസ്റ്ററുടെ സ്മരണയ്ക്കായി ഒരു ഗാനസന്ധ്യ അവതരിപ്പിച്ചിരുന്നു മാധുരി.
സിനിമ ഗാന ലോകത്ത് തന്നെ മാധുരി ആക്കിയ മാസ്റ്റർക്കുള്ള ഗുരുപൂജയായി പ്രശസ്ത താരങ്ങളായ മധുവിനും ശാരദയ്ക്കും ഗായകരായ ശ്രീകാന്തിനും ലതികയ്ക്കും കാഷ് പ്രൈസ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങളും മാധുരി നൽകി. മാസ്റ്റർക്ക് വേണ്ടി ഗുരുപൂജ നൽകിയാൽ മാത്രമേ സമാധാനമായി മരിക്കാൻ പോലും തനിക്ക് സാധിക്കു എന്നും മാധുരി പറഞ്ഞു.
എസ്. മഞ്ജുളദേവി
